കണ്ണൂർ: സ്കൂളിലെ യുവജനോത്സവം പകർത്താനായി വിദ്യാർത്ഥിനി കൊണ്ടുപോയ മൊബൈൽ ഫോൺ പിടിച്ചുവെച്ച് എട്ടുമാസം കഴിഞ്ഞിട്ടും തിരിച്ചുനൽകാത്ത സംഭവത്തിൽ പ്രധാനധ്യാപകൻ തെറ്റുകാരനെന്ന് സ്കൂളും. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ററി സ്കൂൾ പ്രധാനധ്യാപകൻ സുബൈർ പിടിച്ചുവച്ച മൊബൈൽ ഫോൺ പത്താംക്ലാസ് വിദ്യാർത്ഥിനി ഷസയ്ക്കും കുടുംബത്തിനും തിരിച്ചുകൊടുക്കാൻ പഴയങ്ങായി പോലീസിന് എസ്പി യതീഷ് ചന്ദ്ര നിർദേശം നൽകുകയായിരുന്നു.
ഇളയ മകന്റെ ഓൺലൈൻ പഠനത്തിനായി മൊബൈൽ തിരികെ നൽകണമെന്ന് ഷസയുടെ ഉമ്മ സമീറ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. സംബവം വാർത്തയായതോടെ കല്യാശ്ശേരി എംഎൽഎ ടിവി രാജേഷും സംഭവത്തിൽ ഇടപെട്ടു. പിന്നാലെ, ഫോൺ തിരികെ നൽകാൻ തയ്യാറാണെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. പ്രധാനാധ്യാപകന്റെ വീഴ്ച സ്കൂൾ സമ്മതിക്കുകയും ചെയ്തു.
പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ മാനേജ്മെന്റുമായി സംസാരിച്ചെന്നു പോലീസും സ്ഥിരീകരിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ട ടിവി രാജേഷ് എംഎൽഎ കുട്ടിയുടെ വീട് സന്ദർശിച്ചു. കുട്ടികൾക്ക് പഠിക്കാൻ ടിവി വാങ്ങി നൽകുമെന്നും കല്യാശേരി എംഎൽഎ പറഞ്ഞു.
പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ററി സ്കൂൾ പ്രധാന അധ്യാപകനാണ്, വിദ്യാർത്ഥി കലോത്സവ ദിവസം സ്കൂളിൽ കൊണ്ടുപോയ ഫോൺ പിടിച്ച് വച്ചത്. ഇതിന് പിന്നാലെ എട്ടുമാസമായിട്ടും ഫോൺ തിരിച്ചുനൽകാതിരുന്നതോടെ മക്കളുടെ ഓൺലൈൻ പഠനത്തിന് വേറെ വഴിയില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു പള്ളിക്കരയിലെ തയ്യൽ ജോലിക്കാരിയായ സമീറ.
Discussion about this post