തിരുവനന്തപുരം: വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് സൗകര്യം നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.
നിലവില്‍ത്തന്നെ പരമാവധി ആളുകളെ ഹോം ക്വാറന്റീനിലേക്ക് നിര്‍ബ്ബന്ധിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന ഇക്കാലത്ത് സര്‍ക്കാരിന്റെ ഈ നീക്കം അപകടകരമായി മാറുമെന്ന ശക്തമായ ആശങ്ക ആരോഗ്യ വിദഗ്ദര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് അവസാനിപ്പിക്കുന്ന കാര്യം തുറന്ന് സമ്മതിക്കുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ സമീപനം തന്നെയാണ് സര്‍ക്കാര്‍ തുടര്‍ന്നു പോരുന്നത്. വീട്ടിലേക്ക് പോവാന്‍ ഒരു നിവൃത്തിയുമില്ലാത്തവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല എന്നും വിടി ബല്‍റാം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് സൗകര്യം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് കേള്‍ക്കുന്നു. നിലവില്‍ത്തന്നെ പരമാവധി ആളുകളെ ഹോം ക്വാറന്റീനിലേക്ക് നിര്‍ബ്ബന്ധിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് സര്‍ക്കാരിന്റെ ഈ നീക്കം അപകടകരമായി മാറുമെന്ന ശക്തമായ ആശങ്ക ആരോഗ്യ വിദഗ്ദര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് അവസാനിപ്പിക്കുന്ന കാര്യം തുറന്ന് സമ്മതിക്കുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ സമീപനം തന്നെയാണ് സര്‍ക്കാര്‍ തുടര്‍ന്നു പോരുന്നത്. വീട്ടിലേക്ക് പോവാന്‍ ഒരു നിവൃത്തിയുമില്ലാത്തവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.
ബാത്ത് റൂം സൗകര്യത്തോടു കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് തിരിച്ചെത്തുന്നവര്‍ക്കായി തയ്യാറാക്കുന്നതെന്നാണ് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ പതിവ് ആറ് മണി/ അഞ്ച് മണി വാര്‍ത്താ സമ്മേളനങ്ങളില്‍ പറഞ്ഞിരുന്നത്. അതില്‍ 1,63,000 കിടക്കകള്‍ തയ്യാറാക്കിക്കഴിഞ്ഞതായും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ആ വാര്‍ത്താ സമ്മേളനങ്ങള്‍ ഏറിയകൂറും കപട അവകാശവാദങ്ങളും പിആര്‍ എക്സര്‍സൈസുമാണെന്ന് പ്രതിപക്ഷത്തിന് വിമര്‍ശനമുന്നയിക്കേണ്ടി വന്നതും ഇതുപോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഗ്രാസ്റൂട്ട് തലത്തില്‍ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല എന്ന വാസ്തവം നേരിട്ട് ബോധ്യപ്പെട്ടതിനാലായിരുന്നു. എന്നാല്‍ സര്‍ക്കാരിനേയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കുന്നത് സംസ്ഥാന ദ്രോഹമായിട്ടായിരുന്നല്ലോ ആസ്ഥാന ബുദ്ധിജീവികളും മലയാള നോവലെഴുത്തുകാരും അക്കാലത്തൊക്കെ വിധിയെഴുതിയിരുന്നത്. അത്തരം അടിമ ജീവിതങ്ങള്‍ക്കൊഴിച്ച് ബാക്കിയുള്ളവര്‍ക്കൊക്കെ ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ബോധ്യമായി വരികയാണ്.
സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതലാളുകള്‍ക്ക് ക്വാറന്റീന് സൗകര്യങ്ങള്‍ ഒറ്റയടിക്ക് ഒരുക്കേണ്ടി വന്നതുകൊണ്ടുണ്ടായ ഒരു ബുദ്ധിമുട്ടല്ല ഇപ്പോള്‍ നേരിടുന്നത്. മറിച്ച്, കേരളത്തിലെവിടെയും ആവശ്യമായ അളവില്‍ ക്വാറന്റീന് സൗകര്യം തയ്യാറാക്കാന്‍ സര്‍ക്കാരിന് ഒരു ഘട്ടത്തിലും കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആരോഗ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ എല്ലാ ദിവസത്തേയും കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ അതില്‍ നിന്നെടുത്തതാണ്. ഇന്നത്തെ ദിവസം (06/06/2020) പോലും ആകെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് സൗകര്യം നല്‍കുന്നത് വെറും 21,987 ആളുകള്‍ക്കാണ്. അതായത് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന രണ്ടര ലക്ഷത്തിന്റെ വെറും 8.7% മാത്രം. എന്നിട്ടും അത് നിര്‍ത്തുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. ഇതുകൊണ്ടൊക്കെയാണ് സര്‍ക്കാര്‍ അവകാശവാദങ്ങളില്‍ 10% മാത്രമേ കഴമ്പുള്ളൂ, ബാക്കി 90% വും തള്ള് മാത്രമാണ് എന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വരുന്നത്.
കേരളത്തില്‍ ഇന്നേവരെ പുറത്തുനിന്ന് വന്നത് 1,79,294 ആളുകളാണ്. അവരില്‍ 1,54,446 ആളുകളും, അതായത് 86% വും വീട്ടിലാണ് ക്വാറന്റീനില്‍ പോയത്. സര്‍ക്കാര്‍ വക ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് നേരത്തെപ്പറഞ്ഞ പോലെ 21,987 ത്തിന്, അതായത് 12.26% ആളുകള്‍ക്ക് മാത്രമേ നിലവില്‍ നല്‍കുന്നുള്ളൂ. വെറും 0.5% പേര്‍ക്ക് ഐസൊലേഷന്‍ സൗകര്യം വേണ്ടിവരുന്നുണ്ട്. ഇപ്പോള്‍ നല്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് എന്നതുതന്നെ പ്രയോഗ തലത്തില്‍ സന്നദ്ധ സംഘടന / പഞ്ചായത്ത് വക സൗകര്യമാണ്. പലയിടത്തും ഭക്ഷണമടക്കം പ്രധാന ചെലവുകളൊന്നും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. അതുപോലെത്തന്നെ, ഈപ്പറയുന്ന 21,987 ല്‍ രണ്ടായിരത്തോളം ആളുകള്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമൊക്കെയായി പേയ്ഡ് ക്വാറന്റീന് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവര്‍ക്കായും സര്‍ക്കാരിന് നയാപൈസയുടെ ചെലവ് ഇല്ല.
മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി ക്വാറന്റീന് സൗജന്യം നിര്‍ത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച മെയ് 26ന് കണക്കുകള്‍ ഇതിലും എത്രയോ കുറവായിരുന്നു. അന്ന് വരെ കേരളത്തിലേക്ക് പുറത്തുനിന്ന് വന്നത് 1,02,279 ആളുകളായിരുന്നു. അവരില്‍ 13,638 ആളുകള്‍ക്ക് മാത്രമായിരുന്നു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്, അതായത് 13.33% ആളുകള്‍ക്ക് മാത്രം. അതിപ്പോള്‍ 12.26 % ആയി കുറഞ്ഞു എന്നത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ തന്നെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിനെ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്.
സാമൂഹ്യ വ്യാപന സാധ്യത വര്‍ദ്ധിച്ചു വരുന്ന ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ വക ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് സൗകര്യങ്ങള്‍ നിര്‍ത്തലാക്കി/ പരിമിതപ്പെടുത്തി എല്ലാവരേയും വീട്ടിലേക്കയക്കുന്നത് വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവതരമായി പരിഗണിക്കണം.
Discussion about this post