കൊല്ലം: കൊല്ലം അഞ്ചൽ ഉത്ര വധക്കേസ് ആദ്യം അന്വേഷിച്ച അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ഗുരുതര വീഴ്ചവരുത്തിയതായി അന്വേഷണ റിപ്പോർട്ട്. കൊട്ടാരക്കര റൂറൽ എസ്പി നടത്തിയ അഭ്യന്തര അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തുന്നതിൽ സിഐ അലംഭാവം വരുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉത്രയുടെ മരണം നടന്ന ദിവസം തന്നെ ഉത്രയുടെ സഹോദരൻ മരണത്തിൽ സംശയം ഉണ്ടെന്ന് അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ എൽ സുധീറിന് മൊഴി നൽകിയിട്ടും പ്രാഥമിക അന്വേഷണം നടത്തുന്നതിൽ പോലും അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ വിഴ്ചവരുത്തിയതായാണ് റിപ്പോർട്ട്. ഈ വിവരം ഉത്രയുടെ ബന്ധുക്കൾ റൂറൽ എസ്പിയെ അറിയിച്ചിരുന്നു.
സൂരജിന് എതിരെ പരാതി ഉണ്ടായിരുന്നിട്ടും കാര്യമായ അന്വേഷണം നടത്തിയില്ല. പരാതിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് വീഴ്ചവരുത്തിയെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
കേസിലെ ചില പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിൽ സിഐ വീഴ്ചവരുത്തിയെന്ന് കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘവും എസ്പിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ചശേഷമാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് റൂറൽ എസ്പി ഡിജിപിക്ക് കൈമാറിയത്.
Discussion about this post