എട്ട് മാസം മുമ്പ് യുവജനോത്സവം പകർത്താൻ കൊണ്ടുപോയ മൊബൈൽ പ്രധാനധ്യാപകൻ പിടിച്ചുവെച്ചു; ഓൺലൈൻ ക്ലാസിനെങ്കിലും തിരിച്ചു തരാൻ മുഖ്യമന്ത്രിയോട് അപേക്ഷിച്ച് വിദ്യാർത്ഥിനിയും മാതാവും

കണ്ണൂർ: എട്ടുമാസം മുമ്പ് നടന്ന സ്‌കൂളിലെ യുവജനോത്സവം പകർത്താനായി കൊണ്ടുപോയ വീട്ടിലെ മൊബൈൽ ഫോൺ പത്താക്ലാസുകാരിയിൽ നിന്നും പിടിച്ചുവെച്ച് പ്രധാനധ്യാപകൻ. ഇത്രനാളും തിരിച്ചുനൽകാത്ത മൊബൈൽ ഫോൺ ഇളയ മകന്റെ ഓൺലൈൻ പഠനത്തിനായെങ്കിലും തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയാണ് കണ്ണൂരിലെ ഒരു വീട്ടമ്മ.

പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ററി സ്‌കൂൾ പ്രധാന അധ്യാപകനാണ്, വിദ്യാർത്ഥിനി കലോത്സവ ദിവസം സ്‌കൂളിൽ കൊണ്ടുപോയ ഫോൺ പിടിച്ചുവെച്ചതെന്ന് മാതാവ് പറയുന്നു. മക്കളുടെ ഓൺലൈൻ പഠനത്തിന് വേറെ വഴിയില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് പള്ളിക്കരയിലെ തയ്യൽ ജോലിക്കാരിയും മൂന്ന് മക്കളുടെ മാതാവുമായ സമീറ.

മൂന്ന് കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്ന സമീറയ്ക്ക് ആകെയുള്ള വരുമാന മാർഗ്ഗം തയ്യൽ മെഷീനാണ്. ഇതിനിടയിൽ എല്ലാ കഷ്ടപ്പാടുകളും സഹിച്ചുതന്നെയാണ് തന്നാലാകും വിധം ചിട്ടിയൊക്കെ പിടിച്ച് 10000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിച്ചത്.

എട്ടു മാസം മുമ്പാണ് പത്താംക്ലാസുകാരിയായ മകൾ ഷസ പഠിക്കുന്ന സ്‌കൂളിൽ യുവജനോത്സവം നടന്നപ്പോൾ കൂട്ടുകാരുടെ ഒപ്പനയുടെ ഫോട്ടോ എടുക്കാനായി വീട്ടിലെ ഫോണും വാങ്ങി സ്‌കൂളിലേക്ക് പോയി. എന്നാൽ, പ്രധാനധ്യാപകൻ ഫോൺ പിടിച്ചുവച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന ഷസയ്ക്ക് ഈ സംഭവത്തിന് ശേഷം സ്‌കൂളിൽ പോകാൻ തന്നെ വലിയ വിഷമമായി. എസ്എസ്എൽസി പരീക്ഷ എങ്ങനെയോ എഴുതിത്തീർക്കുകയായിരുന്നു.

പത്താം ക്ലാസ് ഒക്കെയല്ലേ, കൂട്ടുകാരുമായി ഫോട്ടോ ഒക്കെ എടുക്കാമെന്ന് കരുതിയാണ് ഫോൺ കൊണ്ട് പോയതെന്ന് ഷസയും പറയുന്നു. പരാതിയുമായി സമീറ പഴയങ്ങാടി സിഐ രാജേഷിനടുത്തും പോയി. പോലീസും വളരെ മോശമായിട്ടാണ് തന്നോടും മകളോടും പെരുമാറിയതെന്ന് സമീറ പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പ്രധാനധ്യാപകൻ സുബൈർ തയ്യാറായിട്ടില്ല.

Exit mobile version