തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒമ്പത് മുതലാണ് ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുക. ഇതിനു പുറമെ 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളെയും വഹിച്ച് നാട്ടിലെത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് കൂടുതല്‍ പേരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലുമായി വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് നാല് വിമാനങ്ങള്‍, യുഎഇയില്‍ നിന്ന് നാല്, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും എത്തുന്നുണ്ട്. ഇതിനു പുറമെ വിവിധ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത 420 വിമാനങ്ങള്‍ കൂടി ജൂണ്‍ 9 മുതല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം ചാര്‍ട്ടേഡ് വിമാനങ്ങളുടെ എണ്ണം 600 ആയി ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. ആകെ 1 ലക്ഷത്തി 72000 പ്രവാസികളെയാണ് ജൂണില്‍ നാട്ടിലെത്തിക്കുക. ക്വാറന്റീന്, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ, ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകളോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post