മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. നിലമ്പൂരില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളം കയറി. കോഴിക്കോട് ഇന്നലെ വൈകീട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല.
മണിക്കൂറുകള്‍ നീണ്ട കനത്ത മഴയില്‍ നിലമ്പൂരില്‍ പലയിടത്തും വെള്ളം കയറി. വിവിധ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ പ്രദേശവാസികളെ ഒഴിപ്പിച്ചു. നഗരത്തില്‍ പലയിടങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി.
എടക്കര, വെളിയന്തോട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ റോഡ് വെള്ളത്തിനടിയിലായതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വനത്തിനുള്ളില്‍ പെയ്ത ശക്തമായ മഴയാണ് പുഴകളിലെ ജലനിരപ്പ് കൂട്ടിയത്. പലയിടത്തും മലവെള്ളപ്പാച്ചില്‍ കണക്കെ വെള്ളം കുത്തിയൊലിച്ചെത്തി.
മതില്‍മൂല കോളനി, നമ്പൂരിപ്പൊട്ടി തുടങ്ങിയ പുഴയോട് ചേര്‍ന്ന് നില്ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് വിവിധ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രാത്രിയോടെ മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദേശം. അതേസമയം,ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ഇന്നലെ വൈകീട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. ശക്തമായ ഒഴുക്ക് കാരണം തിരച്ചില്‍ തുടരാനായില്ല. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമാണ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ടത്. തെരച്ചില്‍ രാവിലെ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
മുക്കം സ്വദേശി ഹാനി റഹ്മാനാണ് ഒഴുക്കില്‍പെട്ടത്. കുളിക്കാനിറങ്ങിയതാണെന്ന് സംശയിക്കുന്നു. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമല ഉള്‍പ്പെടുന്ന വെള്ളരിമല വില്ലേജിലും മഴ കനത്തു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മഴ കനത്തതോടെ ചൂരല്‍മല പുഴയില്‍ ഒഴുക്ക് ശക്തമായി.
Discussion about this post