തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു. നിലവില്‍ 1029 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് വിവിധ ഇടങ്ങളില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷം അടുക്കാറായി. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1615 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 284 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാഗ്രതയില്‍ അയവ് വരുത്തിയാല്‍ സംസ്ഥാനത്തിനെ കാത്തിരിക്കുന്നത് വന്‍ദുരന്തമാകും.
കഴിഞ്ഞ രണ്ട് ദിവസമായി രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. പ്രതിദിനം രേഖപ്പെടുത്തുന്ന രോഗികളുടെ എണ്ണം നൂറ് കവിഞ്ഞിരുന്നു. ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 34 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്.
അതെസമയം ഇന്ന് 50 പേര് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 762 ആയി.പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയത്.
Discussion about this post