തൃശ്ശൂര്‍: എംജെ ശ്രീചിത്രനെ കൊടുങ്ങല്ലൂരില്‍ നടക്കാനിരിക്കുന്ന പൊതുപരിപാടിയില്‍ നിന്ന് ഒഴിവാക്കി. ദീപാനിശാന്തിനെതിരെയുള്ള വിവാദത്തിന്റെ ബാക്കി പത്രമാണ് ഈ നടപടി. നാളെ നടക്കാനിരിക്കുന്ന സംഗമത്തില്‍ നിന്ന് ശ്രീചിത്രന്റെ പ്രഭാഷണം ഒഴിവാക്കിയതായി സംഘാടകസമിതി വ്യക്തമാക്കി. അതേസമയം കാരണം വ്യക്തമാക്കാതെയാണ് സംഘടനയുടെ നടപടി.
യുവ കവി കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ അച്ചടിച്ച് വന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ പങ്ക് നിഷേധിച്ച് ശ്രീചിത്രന്‍ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ ദീപാ നിശാന്തിന് കവിത അയച്ചുനല്‍കിയെന്ന് പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ് ശ്രീചിത്രന്‍. സുഹൃത്തുക്കള്‍ക്ക് കവിത അയച്ചുനല്‍കാറുണ്ട്. കലേഷിനേറ്റ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നെന്നും ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ പരിപാടിയില്‍ നിന്ന് ശ്രീചിത്രനെ ഒഴിവാക്കിയത്.
എസ് കലേഷ് ബ്ലോഗില്‍ എഴുതിയ, അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍ നീ എന്ന കവിത, അങ്ങനെയിരിക്കെ എന്ന പേരില്‍ അധ്യാപക സംഘടനയുടെ മാഗസിനില്‍ ദീപാനിശാന്ത് തന്റേതായി പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഓള്‍ ഇന്ത്യ റേഡിയോയിലടക്കം കലേഷ് അവതരിപ്പിച്ച കവിതയണിത്.