മനാമ: കോഴിക്കോട് നിന്നും ബഹ്‌റൈനില്‍ എത്തിയ വ്യക്തിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. പയ്യോളി സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജുണ്‍ 2 നാണ് ഇയാള്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ബഹ്‌റൈനില്‍ എത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
ജൂണ്‍ രണ്ട് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ അടക്കമുള്ള മറ്റ് യാത്രക്കാരുടെ സ്രവങ്ങള്‍ ശേഖരിക്കുകയും ക്വാറന്റീന്‍ നിരീക്ഷണത്തിനുള്ള ഇലക്ട്രോണിക് ബാന്‍ഡ് കൈയില്‍ ധരിപ്പിച്ചുമാണ് പുറത്തേക്ക് വിട്ടത്. തുടര്‍ന്ന് ഇയാള്‍ സന്നദ്ധ സംഘടന ഏര്‍പ്പെടുത്തിയ ഹൂറയിലെ ക്വാറന്റീന്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി.
ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് കമ്പനി താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവിടെ ധാരാളം പേര്‍ താമസിക്കുന്നതിനാലാണ് സന്നദ്ധ സംഘടന ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇയാള്‍ പോയത്.
തുടര്‍ന്ന് ജൂണ്‍ മൂന്നിന് തന്നെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന കാര്യം മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും അറിഞ്ഞു. അന്ന് തന്നെ ദേശീയ ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനത്തില്‍ ഇയാളെ സിത്രയിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവാവിന് കൊറോണ പോസിറ്റീവാണെന്ന വിവരം ലഭിച്ചതോടെ പയ്യോളിയിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച കാര്യം നാട്ടിലെ കുടുംബാംഗങ്ങളേയും ബഹ്‌റൈനില്‍ തന്നെയുള്ള ബന്ധുവിനേയും അറിയിച്ചത് യുവാവ് തന്നെയാണ്. ഇതിന് പിന്നാലെയാണ് ബന്ധുക്കളില്‍ ചിലര്‍ വിവരം നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുന്നത്. ഇതോടെ ജൂണ്‍ നാല് മുതല്‍ തന്നെ നഗരസഭയ്ക്ക് കീഴില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post