കോഴിക്കോട്: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാറുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സമസ്ത. കോവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മതപണ്ഡിതരുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി എല്ലാ തീരുമാനവുമെടുത്തതെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രിമുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
റംസാന്‍ കാലത്ത് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് വിശ്വാസികള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ആരാധനലായങ്ങള്‍ തുറക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനമാണ് മനുഷ്യരുടെ ആരോഗ്യവും രോഗപ്രതിരോധവുമെന്നും അതിനാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കുകയാണ് സമസ്ത ചെയ്തതെന്നും ജിഫ്രിമുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി.
പക്ഷേ സമസ്ത സര്‍ക്കാരിനെതിരെ നിലപാടെടുത്തുവെന്ന് പലരും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുകയാണെന്നും ജിഫ്രിമുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ മാന്യമായ നിലപാടാണ് സ്വീകരിച്ചത്.
സ്വന്തം നിലയിലല്ല മറിച്ച് മതപണ്ഡിതരുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി എല്ലാ തീരുമാനവുമെടുത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാറുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും സംസ്ഥാനത്തെ പൊതു ആരോഗ്യസംവിധാനത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമായതിനാല്‍ സര്‍ക്കാറിന്റെ തീരുമാനത്തിനൊപ്പമാണ് സമസ്ത നിന്നത്. ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും സമസ്ത മുഖവിലക്കെടുക്കുന്നില്ലെന്നും സര്‍ക്കാറുമായോ മുഖ്യമന്ത്രിയുമായോ അഭിപ്രായവ്യത്യാസമില്ലെന്നും സമസ്ത പ്രസിഡണ്ട് പറഞ്ഞു.
Discussion about this post