തിരുവനന്തപുരം; അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജൂണ്‍ എട്ടുമുതലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാളയം പള്ളി താത്കാലികമായി തുറക്കുന്നില്ലെന്നും അറിയിച്ചിരിക്കുകയാണ് ജമാഅത് പരിപാലന സമിതി.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് തീരുമാനമെന്നും നഗര പ്രദേശങ്ങളിലുള്ള മറ്റ് ആരാധനാലയങ്ങളും ഇത്തരം ജാഗ്രത പുലര്‍ത്തേണ്ട ആവശ്യമുണ്ടെന്നും പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തില്‍ പള്ളി തുറക്കില്ലെന്ന തീരുമാനം നന്നായി എന്ന് പറയുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം പാളയം പള്ളി തുറക്കില്ല എന്നത് കരുതലോടെയുള്ള തീരുമാനമാണെന്നും നല്ല തീരുമാനം എടുത്ത പള്ളി കമ്മിറ്റിക്ക് ഒരു ബിഗ് സല്യൂട്ട് എന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ പറഞ്ഞു.
മനുഷ്യന് ജീവനോടെയുണ്ടാവട്ടെ എന്നിട്ട് നമുക്ക് ആരാധനാലയങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നും ആരാധിക്കാമെന്നും ഭാഗ്യലക്ഷ്മി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പാളയം പള്ളി തുറക്കില്ലെന്ന് പറഞ്ഞത് നന്നായി എന്നും ഇങ്ങനെ ഓരോ ആരാധനാലയ കമ്മിറ്റികളും തീരുമാനിച്ചാല്‍ മതിയെന്നും ഭാഗ്യലക്ഷ്മിയുടെ മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പാളയം പള്ളി തുറക്കുന്നില്ലെന്ന ജമാഅത് പരിപാലന സമിതിയുടെ തീരുമാനം. ‘സര്‍ക്കാര്‍ നല്കിയ ഇളവ് സ്വാഗതം ചെയ്യുന്നു. ഇത് ഗ്രാമങ്ങളിലുള്ള പള്ളികള്‍ക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍ നഗര ഹൃദയത്തിലുള്ള പള്ളിയാണ് നമ്മുടേത്. അവിടേക്ക് വരുന്നവര്‍ എവിടെ നിന്നൊക്കെ വരുന്നെന്ന് പറയാന്‍ സാധിക്കില്ല. അപരിചിതരാണ് കൂടുതല്‍ വരിക. ഇത്തരമൊരു സാഹചര്യത്തില്‍ അവധാനതയോടെ പെരുമാറുക എന്നതാണ് നമ്മള് ചെയ്യേണ്ടത്.” എന്ന് ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു.
പള്ളികള്‍ തുറക്കണമെന്ന് ഞങ്ങള്‍ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കൊവിഡിന്റെ സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. നൂറിലധികം കൊവിഡ് ബാധിതരുണ്ടായി. ഇത് ഏത് ഘട്ടം വരെ പോകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും അതുകൊണ്ടുതന്നെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പള്ളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതാവും ഇപ്പോള്‍ പക്വവും ഉചിതവുമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post