മലപ്പുറം: പാലക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് വര്‍ഗീയ വിഷം ചീറ്റുന്നവര്‍ കാണണം യഥാര്‍ത്ഥ മലപ്പുറത്തിന്റെ ചിത്രം. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് വ്യക്തമാക്കി ക്ഷേത്ര മുറ്റത്ത് ഒന്നിച്ച് മരം നടുന്ന തങ്ങളുടെയും പൂജാരിയുടേയും ചിത്രം മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
ലോക പരിസ്ഥിതി ദിനത്തിലാണ് പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിനിടയിലും വര്‍ഗീയ വാദികള്‍ക്ക് ചുട്ട മറുപടി നല്കുന്ന ചിത്രം വൈറലായത്. മലപ്പുറത്തിന്റെ ഒത്തനടുക്ക്, കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്രമുറ്റത്താണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠന് എമ്പ്രാന്തിരിയും ചേര്‍ന്ന് ഒരു തൈ നട്ടത്.
മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് നട്ട മരത്തിന് ഇരുവരുംചേര്‍ന്ന് മൈത്രി എന്ന് പേരും നല്കി. മുനവ്വറലി തങ്ങള്‍ മണ്ണിലുറപ്പിച്ച ആ സ്വപ്നമരത്തിന് മണികണ്ഠന് എമ്പ്രാന്തിരി ആദ്യ തീര്‍ഥജലം പകര്‍ന്നു. ക്ഷേത്ര മുറ്റത്ത് മരം നടാന്‍ താത്പര്യമുണ്ടെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ മുനവ്വറലി തങ്ങള്‍ രണ്ട് ദിവസം മുമ്പാണ് ആഗ്രഹം പ്രകടിപ്പിച്ചത്.
അമ്പലക്കമ്മിറ്റി സന്തോഷത്തോടെ അനുമതിയും നല്കി. ചെയര്മാന് സുരേഷ് സിംസ് മുനവ്വറലി തങ്ങളെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തില്‍ രാവിലെ എട്ടുമണിയോടെ മുനവ്വറലി തങ്ങള്‍ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം തൈയുമായി ക്ഷേത്രാങ്കണത്തില്‍ എത്തി.
തുടര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠന് എമ്പ്രാന്തിരിയും ചേര്‍ന്ന് ക്ഷേത്രമുറ്റത്ത് ഐക്യത്തിന്റെ മരം നട്ടു. മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിക്കുന്ന സമയത്ത് ഇതൊരു സന്ദേശമാണ്. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വളരെ സന്തോഷത്തോടെയാണ് ഈ മരം നട്ടത്. എല്ലാ മതസ്ഥരും സൗഹാര്‍ദത്തില്‍ ജീവിക്കുന്ന നാടാണ് മലപ്പുറം. ഉത്സവം നടത്താന്‍വരെ നാട്ടുകാര്‍ ഒന്നിച്ചുനില്‍ക്കുന്നുവെന്നും ഈ സൗഹൃദം എന്നുമെന്നും നിലനിര്‍ത്താനാണ് ശ്രമമെന്നുംത്രിപുരാന്തക ക്ഷേത്രം പൂജാരി മണികണ്ഠന് എമ്പ്രാന്തിരിയും കൂട്ടിച്ചേര്‍ത്തു.
‘മൈത്രി’ക്ക് പുറമെ ക്ഷേത്രഭാരവാഹികള്‍ ഒരു റമ്പൂട്ടാന്‍ തൈകൂടി അമ്പലമുറ്റത്ത് നട്ടു. വ്യാഴാഴ്ച മലപ്പുറം സെയ്ന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ഫാ. കെ.എസ്. ജോസഫ്, പാണക്കാട് സാദിഖലി തങ്ങള്‍ എന്നിവര്‍ ചേര്‍ന്നും മരം നട്ടിരുന്നു.
Discussion about this post