കോഴിക്കോട്: ലോക്ക് ഡൗണില്‍ ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. എന്നാല്‍ പാളയം പള്ളി താല്‍ക്കാലികമായി തുറക്കേണ്ടെന്നാണ് ജമാഅത് പരിപാലന സമിതിയുടെ തീരുമാനം.
ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. അതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് തീരുമാനമെന്നും നഗര പ്രദേശങ്ങളിലുള്ള മറ്റ് ആരാധനാലയങ്ങളും ഇത്തരം ജാഗ്രത പുലര്‍ത്തേണ്ട ആവശ്യമുണ്ടെന്നും പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു.
”സര്‍ക്കാര്‍ നല്കിയ ഇളവ് സ്വാഗതം ചെയ്യുന്നു. ഇത് ഗ്രാമങ്ങളിലുള്ള പള്ളികള്‍ക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍ നഗര ഹൃദയത്തിലുള്ള പള്ളിയാണ് നമ്മുടേത്. അവിടേക്ക് വരുന്നവര്‍ എവിടെ നിന്നൊക്കെ വരുന്നെന്ന് പറയാന്‍ സാധിക്കില്ല. അപരിചിതരാണ് കൂടുതല്‍ വരിക. ഇത്തരമൊരു സാഹചര്യത്തില്‍ അവധാനതയോടെ പെരുമാറുക എന്നതാണ് നമ്മള് ചെയ്യേണ്ടത്.” എന്ന് ഇമാം വിപി സുഹൈബ് മൗലവി വ്യക്തമാക്കി.
പള്ളികള്‍ തുറക്കണമെന്ന് ഞങ്ങള്‍ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കൊവിഡിന്റെ സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. നൂറിലധികം കൊവിഡ് ബാധിതരുണ്ടായി. ഇത് ഏത് ഘട്ടം വരെ പോകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും അതുകൊണ്ടുതന്നെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പള്ളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതാവും ഇപ്പോള്‍ പക്വവും ഉചിതവുമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരങ്ങളില്‍ പള്ളികള്‍ തുറക്കുമ്പോള്‍ അവിടെ ആദ്യം വരുന്ന നൂറുപേര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവസരമൊരുക്കുന്നതുപോലുള്ള നിയന്ത്രണങ്ങളും പ്രായോഗികമല്ല. ആദ്യം വരുന്നത് അതേ മഹല്ലിലുള്ള ആളുകളാകണമെന്നില്ല. ദേവാലയത്തില്‍ മഹല്ല് കുടുംബം എന്ന് വേര്‍തിരിച്ച് ആളുകളെ കയറ്റാന്‍ സാധിക്കില്ലല്ലോയെന്നും പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു.
എല്ലാവര്ക്കും പ്രാര്‍ത്ഥന നടത്താനുള്ള അവസരമാണ് ഉണ്ടാകേണ്ടത്. അങ്ങനെയൊരു നല്ല നാളെ ഉണ്ടാവുക എന്നതുകൂടി ലക്ഷ്യമിട്ടാണിത്. പള്ളി തുറന്ന സര്‍ക്കാര്‍ നടപടിയെ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുകയാണ്. ഒപ്പം ജാഗ്രത കൈവിടാതിരിക്കുക എന്നതും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നാണ് അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post