കൊച്ചി: സര്‍ക്കാര്‍ ഒപ്പമുണ്ട്, കോവിഡിനിടയിലും രണ്ടരവയസ്സുകാരി ജിന്‍സിയുടെ ചികിത്സ മുടങ്ങില്ല. കണ്ണിന് ക്യാന്‍സര്‍ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി സര്‍ക്കാര്‍. വെള്ളിയാഴ്ച രാവിലെ 5.30ന് മഞ്ജുവും ബിജുവും ജിന്‍സിയുമായി സര്‍ക്കാര്‍ അനുവദിച്ച ആംബുലന്‍സില്‍ ചികിത്സയ്ക്കായി മധുരയിലേക്ക് പുറപ്പെട്ടു.
എറണാകുളം മണീടില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിജു, മഞ്ജു ദമ്പതികളുടെ ഇളയ മകളായ രണ്ടര വയസുകാരി ജിന്‍സിയുടെ ചികിത്സയ്ക്കാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ ഇടപെടല്‍ ആശ്വാസമായത്.
കണ്ണിന് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 7 മാസമായി മധുര അരവിന്ദ് കണ്ണാശുപത്രിയിലെ ചികിത്സയിലാണ് ജിന്‍സി. അസുഖം മൂലം വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇടതു കണ്ണിനെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.
കീമോതെറാപ്പി നടന്നു വന്ന ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചികിത്സ മുടങ്ങുന്ന അവസ്ഥയായി. ചികിത്സയ്ക്കായി പല വഴികള്‍ ശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. തുടര്‍ന്ന് മതാപിതാക്കളായ ബിജുവും മഞ്ജുവും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറെ ബന്ധപ്പെട്ട് ജിന്‍സിയുടെ അവസ്ഥ അവതരിപ്പിച്ചു.
തുടര്‍ന്ന് കുട്ടിയ്ക്ക് ആവശ്യമായ ചികിത്സാ സൗകര്യമൊരുക്കാന്‍ മന്ത്രിയുടെ ഓഫീസ് സാമൂഹ്യ സുരക്ഷാ മിഷന് ഉടന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മധുര അരവിന്ദ് ആശുപത്രിയില്‍ പോയി കീമോതെറാപ്പി ചെയ്ത് മടങ്ങി വരുന്നതിനുള്ള ആംബുലന്‍സും മറ്റ് ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തു.
സര്‍ക്കാരിന്റെ സത്വര ഇടപെടലില്‍ വലിയ ആശ്വാസത്തിലാണ് ജിന്‍സിയുടെ കുടുംബം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സുജിന്‍, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സുബിന്‍ എന്നിവര്‍ ജിന്‍സിയുടെ സഹോദരങ്ങളാണ്.