പാലക്കാട്: സ്ഫോടകവസ്തു പൊട്ടി വായ തകര്‍ന്ന് ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട കേസിലെ ഒന്നും രണ്ടും പ്രതികള്‍ ഒളിവിലെന്ന് അന്വേഷണസംഘം. അമ്പലപ്പാറ സ്വദേശികളായ അബ്ദുള്‍ കരീം, മകന് റിയാസുദീന്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. മൂന്നാം പ്രതി വില്‍സണാണ് അറസ്റ്റിലായത്.
തേങ്ങയില്‍ പന്നിപ്പടക്കം ഒളിപ്പിച്ച് വനത്തില്‍ വച്ചത് അബ്ദുള്‍ കരീമും, മകന് റിയാസുദീനുമാണെന്നാണ് പോലീസും വനം വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ സഹായിയാണ് ടാപ്പിങ് തൊഴിലാളിയായ വില്‍സണ്‍.
മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശിയായ വില്‍സണാണ് പന്നിപ്പടക്കം തയ്യാറാക്കിയത്. വില്‍സണിനെ പന്നിപ്പടക്കം തയ്യാറാക്കിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പന്നിപ്പടക്കം തയ്യാറാക്കിയ ചെറിയ ഓലപ്പുര വില്‍സണ്‍ അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തു. അവിടെനിന്ന് പന്നിപ്പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെവച്ച് തയ്യാറാക്കിയ സ്ഫോടകവസ്തു പ്രതികള്‍ വനത്തില്‍ വച്ച സ്ഥലത്തും മൂന്നാം പ്രതി വില്‍സണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
മെയ് 12-നാണ് സ്ഫോടകവസ്തുനിറച്ച തേങ്ങ കടിച്ച് ആനയുടെ വായ തകര്‍ന്നത്. അന്നു തന്നെ മൂന്ന് പ്രതികളും അക്കാര്യം അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതോടെ പ്രതികള്‍ പാട്ടകൊട്ടി ആനയെ അവിടെനിന്ന് ഓടിച്ചു. മെയ് 14-ന് കരുവാരക്കുണ്ട് മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കണ്ടിരുന്നു. 17-ന് എടവണ്ണപ്പാറ മേഖലയില്‍ ആന വീണ്ടുമെത്തി. 25-നാണ് വനംവകുപ്പ് അധികൃതര്‍ ആനയെ പിന്നീട് കാണുന്നത്.
രണ്ടു ദിവസം ആറ്റില്‍ ഇറങ്ങിനിന്ന ശേഷമാണ് ആന ചരിഞ്ഞതെന്നും അധികൃതര്‍ പറയുന്നു. ഒളിവില്‍പോയ ഒന്നും രണ്ടും പ്രതികളായ അബ്ദുള്‍ കരീം, റിയാസുദീന്‍ എന്നിവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
Discussion about this post