പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്. പൈനാപ്പിളിനുള്ളില്‍ അല്ല സ്ഫോടക വസ്തു വെച്ചത് തേങ്ങയിലാണ് സ്ഫോടക വസ്തു വെച്ചത് എന്ന വിവരമാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എസ്റ്റേറ്റ് സൂപ്പര്‍ വൈസര്‍ വില്‍സനാണ് അറസ്റ്റിലായത്.
പൈനാപ്പിളില്‍ വച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ആനക്ക് പരുക്കേറ്റതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പന്നിയെ കൊല്ലാന്‍ തേങ്ങയില്‍ വച്ച പന്നിപ്പടക്കം അബദ്ധത്തില്‍ കടിച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്നാണ് പുതിയ വിവരം.
തേങ്ങ രണ്ടായി പകുത്ത് അതില്‍ പന്നിപ്പടക്കം വച്ചാണ് പന്നിയെ കൊല്ലുന്നത്. ഇത് അബദ്ധത്തില്‍ ആന കടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പുതിയ വിവരം.
അമ്പലപ്പാറ എസ്റ്റേറ്റില്‍ പന്നിയെ കൊല്ലുന്നതിനായി തേങ്ങയില്‍ പടക്കംവയ്ക്കുന്നത് സ്ഥിര സംഭവമാണെന്ന് പോലീസ് പറയുന്നു. പടക്കം പൊട്ടി ചാവുന്ന പന്നിയുടെ ഇറച്ചി ഇവര്‍ വില്പന നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. അറസ്റ്റിലായിരിക്കുന്ന എസ്റ്റേറ്റ് സൂപ്പര്‍ വൈസര്‍ വില്‍സണ്‍ നാല് വര്‍ഷം മുന്‍പാണ് ഇവിടെ എത്തിയത്. ഇയാളുടെ മകനും എസ്റ്റേറ്റ് ഉടമയും കേസില്‍ പ്രതികളാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് പടക്കം പൊട്ടി പരിക്കേറ്റ ആന ചരിഞ്ഞത്. സംഭവത്തില്‍ രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ കൈവശം വച്ചു എന്ന കേസ് പോലീസും വന്യജീവിയെ പരുക്കേല്‍പ്പിച്ചു എന്ന നിലയ്ക്ക് വനംവകുപ്പും കേസെടുത്തിട്ടുണ്ട്.
Discussion about this post