ന്യൂഡല്‍ഹി: പാലക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കേന്ദ്രമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവും ദേശീയ യുവജന സമിതി പ്രസിഡന്റുമായ അമര്‍ പ്രസാദ് റെഡ്ഡിയാണ് സംഭവത്തില്‍ വര്‍ഗീയ പരത്തുന്ന വ്യാജ ട്വീറ്റ് പങ്കുവെച്ചത്. കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് മുസ്ലീങ്ങള്‍ അറസ്റ്റിലായി എന്നായിരുന്നു അമര്‍ പ്രസാദ് റെഡ്ഡിയുടെ ട്വീറ്റ്.
‘അംസത്ത് അലി, തമീം ഷെയ്ഖ് എന്നിവര്‍ കേരളത്തില്‍ ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. സംഭവത്തില്‍ ജാതി-മതാടിസ്ഥാനത്തില്‍ യാതൊരു ദയയും കാണിക്കാതെ കൃത്യമായ അന്വേഷണം നടത്തണമെന്ന് കേരള മുഖ്യമന്ത്രിയോട് ഞാന്‍ ആവശ്യപ്പെടുന്നു’.- അമര്‍ പ്രസാദ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചിരുന്നു. നരേന്ദ്രമോദി, പിഎംഒ ഇന്ത്യ എന്നീ അക്കൗണ്ടുകളെ ടാഗ് ചെയ്താണ് റെഡ്ഡി ട്വീറ്റ് ചെയ്തത്.
ട്വീറ്റ് വിവാദമായതോടെ അമര്‍ പ്രസാദ് റെഡ്ഡി ട്വീറ്റ് പിന്‍വലിച്ചു. നിരവധി പേര് ട്വീറ്റ് പങ്കുവച്ചിരുന്നു. സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് പട്ടേലും ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇവര്‍ മദ്രസയുടെ ഉല്‍പ്പന്നങ്ങളാണ്. മദ്രസ വിദ്യാഭ്യാസ കണക്ക് വച്ചാണ് കേരളം സാക്ഷര സംസ്ഥാനം എന്ന് പറയുന്നത്. ഐഎസിസില്‍ ചേര്‍ന്ന കൂടുതല്‍ പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും പട്ടേല്‍ കുറിച്ചു.
അതെസമയം പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ആനയ്ക്ക് പരുക്കേറ്റതായി കരുതുന്ന അമ്പലപ്പാറയിലെ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ വില്‍സനാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണ സ്വദേശിയാണിയാള്‍.
Discussion about this post