മലപ്പുറം: ഗർഭിണിയായ ആന ചരിഞ്ഞ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയ്ക്ക് എതിരെ വർഗ്ഗീയ പ്രചരണങ്ങളും കുപ്രചരണങ്ങളും വ്യാപകമായിരിക്കെ പ്രവർത്തികൊണ്ട് വിമർശകരുടെ വായടപ്പിക്കുകയാണ് മലപ്പുറം. ലോക പരിസ്ഥിതി ദിനത്തിൽ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മതമൈത്രിയുടെ മലപ്പുറം മാതൃക ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്. മലപ്പുറംകുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തിലാണ് ചെടി നട്ടത്.
ക്ഷേത്രത്തിലെ പൂജാരി മണികണ്ഠൻ എമ്പ്രാന്തിരിയും മുനവ്വറലി തങ്ങളും ഒരുമിച്ചാണ് തൈ നട്ടത്. മൈത്രി എന്നാണ് വൃക്ഷത്തൈയ്ക്ക് നൽകിയിരിക്കുന്ന പേര്. ആ തൈ വളർന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെ എന്ന് മുനവറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
അതേസമയം, ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്തല്ലെന്ന് വ്യക്തമായിട്ടും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം ശക്തമായി നടക്കുകയാണ്. പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഗർഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ചരിഞ്ഞത്. സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി മനേക ഗാന്ധി രംഗത്തെത്തിയിരുന്നു.
Discussion about this post