‘ഒരു പഴയ കാര്‍ ഒരു വലിയ കുന്നു കയറ്റുന്ന പോലത്തെ സ്ഥിതിയാണ് കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെത്, ഫസ്റ്റ് ഗിയറില്‍ ആക്‌സിലറേറ്റര്‍ ചവിട്ടി പിടിച്ചിരിക്കയാണ്; പിടിത്തം വിട്ടാല്‍ താഴെ എത്താന്‍ അധികം സമയം വേണ്ട’; വൈറലായി ഡോക്ടറിന്റെ കുറിപ്പ്

കൊച്ചി; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്ന സാഹചര്യത്തിലും ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും വിമര്‍ശനം ഉന്നയിച്ച് ഡോക്ടര്‍. രോഗം വരില്ലെന്ന് കരുതി കൊവിഡ് നിര്‍ദേശങ്ങള്‍ നിരന്തരം ലംഘിക്കുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷെമീര്‍ വികെയാണ് വിമര്‍ശനം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്.

കേരളത്തിന് മറ്റു നാടുകളില്‍ നിന്നു വ്യത്യാസം ഉണ്ടെങ്കില്‍ അതു ഒരു കാര്യത്തില്‍ മാത്രം ആണ്. പൊതു ആരോഗ്യ സംവിധാനത്തില്‍. ഒരു പഴയ കാര്‍ ഒരു വലിയ കുന്നു കയറ്റുന്ന പോലത്തെ സ്ഥിതിയാണ് ഇപ്പോള്‍. ഫസ്റ്റ് ഗിയറില്‍ ആക്‌സിലറേറ്റര്‍ ചവിട്ടി പിടിച്ചിരിക്കയാണ്. അങ്ങനെ ആണ് ഇപ്പോള്‍ പ്രതിരോധിക്കുന്നത്. പിടിത്തം വിട്ടാല്‍ തിരിച്ചു കുത്തനെ താഴെ വരെ എത്താന്‍ അധികം സമയം വേണ്ട.

വണ്ടി മുകളില്‍ എത്തിക്കണമെങ്കില്‍ രണ്ടു വഴികളേ ഉള്ളൂ. ഒന്ന്- വണ്ടിക്കുള്ളിലെ ലോഡ് കുറയ്ക്കുക, രണ്ട്- എല്ലാവരും കൂടി ഒന്ന് കൈ വെക്കുക. അല്ലെങ്കില്‍ പകുതി വഴിയില്‍ വണ്ടി നില്‍ക്കും. പിന്നെ തുറക്കാന്‍ പോകുന്ന ആരാധനാലയങ്ങളിലെ ദൈവങ്ങള്‍ മാത്രം ആയിരിക്കും അഭയം.- ഡോക്ടര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

’35 രോഗികളെ നോക്കാന്‍ ഞങ്ങള്‍ മൂന്ന് റസിഡന്റ് ഡോക്ടര്‍മാര്‍ മാത്രം, നേഴ്‌സ്മാരോ, ക്ലീനിങ് ജീവനക്കാരോ ഇല്ല. ഐസൊലേഷന്‍ ആയതു കൊണ്ട് ശുശ്രൂഷിക്കാന്‍ ബന്ധുക്കളും ഇല്ല. രോഗികള്‍ എല്ലാം അതീവ ഗുരുതര സ്ഥിതിയില്‍ ആണു. കണ്‍ മുന്നില്‍ മരിക്കാന്‍ അനുവദിക്കുന്നത് എത്തിക്കല്‍ അല്ല, പക്ഷെ ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു. ഇതു കാണുന്ന ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ആരെങ്കിലും സഹായിക്കാന്‍ തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു.’ (ലിങ്ക് കമന്റില്‍ )

ചിലര്‍ പറയുന്നു ജലദോഷം ആണെന്ന്. ചിലര്‍ ചോദിക്കുന്നു നിങ്ങള്‍ക്ക് ഇപ്പോഴും ‘റൂട്ട് മാപ് വരച്ച് കളിയൊക്കെ’ ഉണ്ടോ എന്ന്. അതേ സമയം മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മൂന്നു റസിഡന്റ് ഡോക്ടര്‍മാര്‍ റെക്കോര്‍ഡ് ചെയ്തു അയച്ച വീഡിയോയില്‍ അവര്‍ പറയുന്ന വാചകങ്ങള്‍ ആണ് മുകളില്‍.

കേരളക്കാര്‍ക്ക് മുംബൈക്കാരെ അപേക്ഷിച്ചു രോഗ പ്രതിരോധ ശക്തി കൂടാന്‍ കാരണം എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. പിന്നെ എന്ത് ആത്മവിശ്വാസം ആണു നമുക്കെന്നും മനസ്സിലാകുന്നില്ല.

കേരളത്തിന് മറ്റു നാടുകളില്‍ നിന്നു വ്യത്യാസം ഉണ്ടെങ്കില്‍ അതു ഒരു കാര്യത്തില്‍ മാത്രം ആണ്. പൊതു ആരോഗ്യ സംവിധാനത്തില്‍. ഒരു പഴയ കാര്‍ ഒരു വലിയ കുന്നു കയറ്റുന്ന പോലത്തെ സ്ഥിതിയാണ് ഇപ്പോള്‍. ഫസ്റ്റ് ഗിയറില്‍ ആക്‌സിലറേറ്റര്‍ ചവിട്ടി പിടിച്ചിരിക്കയാണ്. അങ്ങനെ ആണ് ഇപ്പോള്‍ പ്രതിരോധിക്കുന്നത്. പിടിത്തം വിട്ടാല്‍ തിരിച്ചു കുത്തനെ താഴെ വരെ എത്താന്‍ അധികം സമയം വേണ്ട.

അവിടെ ഇവിടെയായി പ്രതീക്ഷിക്കാത്ത കേസുകള്‍ വരുന്നു. അപ്രതീക്ഷിതമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അണുബാധ ഏല്‍ക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ മരണം ഉടന്‍ വാര്‍ത്തകളില്‍ പ്രതീക്ഷിക്കാം. കൂട്ടത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പോകേണ്ടി വരാം. അത് നേരത്തെ മുംബൈയില്‍ കാണിച്ച പോലെ സ്റ്റാഫ് ഇല്ലാതെ രോഗികള്‍ മാത്രം ആകുന്ന സ്ഥിതിയില്‍ എത്തിക്കാം.

ഇതൊന്നും ഇവിടെ ഉണ്ടാവില്ലെന്ന് വിശ്വസിക്കാന്‍ കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം ആര്‍മാദിക്കാം. അല്ലാത്തവര്‍ക്ക് നിര്‍ദേശങ്ങള്‍ അനുസരിക്കാം. കാര്യങ്ങള്‍ അറിയാത്തവര്‍ ആയി ഇനി ആരും ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ഇനിയും ഉപദേശിക്കുന്നില്ല.

രോഗാണു എല്ലാ സ്ഥലങ്ങളിലും ഒന്ന് തന്നെ. രോഗത്തില്‍ ആണു വ്യത്യാസം. അത് വ്യത്യസ്തമാക്കുന്നത് വ്യക്തികളുടെ ജനിതക പ്രത്യേകതകള്‍ മാത്രമല്ല, അത് ഒരു നാടിന്റെ പ്രതിരോധം കൂടി ആണ്.

നേരത്തേ പറഞ്ഞ പഴയ വണ്ടി മുകളില്‍ എത്തിക്കണമെങ്കില്‍ രണ്ടു വഴികളേ ഉള്ളൂ.
ഒന്ന്- വണ്ടിക്കുള്ളിലെ ലോഡ് കുറയ്ക്കുക
രണ്ട്- എല്ലാവരും കൂടി ഒന്ന് കൈ വെക്കുക.
അല്ലെങ്കില്‍ പകുതി വഴിയില്‍ വണ്ടി നില്‍ക്കും. പിന്നെ തുറക്കാന്‍ പോകുന്ന ആരാധനാലയങ്ങളിലെ ദൈവങ്ങള്‍ മാത്രം ആയിരിക്കും അഭയം.

Exit mobile version