പാലക്കാട്; ദുരൂഹസാഹചര്യത്തില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അമ്പലപ്പാറ മേഖലയില്‍ കൃഷി ചെയ്യുന്നയാളാണ് ഇപ്പോള്‍ അറസ്റ്റിലായ വില്‍സണ്‍.
കഴിഞ്ഞ ദിവസം കരുവാരക്കുണ്ടില്‍ സമാനമായ രീതിയില്‍ പരിക്കേറ്റ നിലയില്‍ മറ്റൊരു ആനയെയും കണ്ടെത്തിയിരുന്നു. ആനയുടെ വായില്‍ കണ്ടെത്തിയ മുറിവുകളും അമ്പലപാറയിലെ ചരിഞ്ഞ ആനയുടെ വായില്‍ കണ്ടെത്തിയ മുറിവുകളും സമാനമാണ്.
ഈ സാഹചര്യത്തില്‍ അന്വേഷണം മലപ്പുറം ജില്ലയിലെ കരവാരക്കുണ്ടിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തിരുമാനം. മേഖലയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ആഹാരസാധനങ്ങള്‍ വിതറുന്നവരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സൈലന്റ് വാലി ബഫര്‍ സോണിനോട് അടുത്ത് കിടക്കുന്ന തോട്ടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇവയെ തുരത്താന്‍ ഇവിടങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് ഭക്ഷണങ്ങള്‍ വയ്ക്കുന്നത് പതിവാണ്. ഇതേ രീതിയില്‍ വെച്ച ഭക്ഷണമാകാം അമ്പലപ്പാറയിലെ ആനയും കഴിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആന ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും മണ്ണാര്‍കാട് പോലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്.
Discussion about this post