തൃശ്ശൂർ: അന്തരിച്ച നടി മോനിഷയ്ക്ക് ദേശീയ പുരസ്കാരം നൽകിയതിനെ വിമർശിക്കുകയും അവരുടെ മുഖം നിർജ്ജീവത മാത്രമാണ് പുലർത്തിയിരുന്നതെന്ന് പരാമർശിക്കുകയും ചെയ്ത എഴുത്തുകാരി ശാരദക്കുട്ടി ഭാരതിക്കുട്ടിക്ക് മറുപടിയുമായി സോഷ്യൽ ലോകം. മരിച്ച് മണ്ണടിഞ്ഞ ഒരു കലാകാരിയുടെ നിർജീവമായ മുഖഭാവത്തെ കളിയാക്കുന്നതും അവർക്ക് കിട്ടിയ ദേശീയപുരസ്കാരം അനർഹമാണെന്ന് വിമർശിക്കുന്നതും ബോഡി ഷെയിമിങ്ങ് ആവില്ലേ സാഹിത്യസിംഹിണി? എന്ന് വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജു പാർവതി എന്ന മാധ്യമപ്രവർത്തക.
നിസ്സഹായയായ ഒരു വേലക്കാരി പെൺകുട്ടിയുടെ നിർജീവതയെ മുഖം കൊണ്ട് ചലിപ്പിക്കാൻ അവർ അവതരിപ്പിച്ചത് കഥകളിയായിരുന്നില്ല; മറിച്ച് സിനിമയിലെ കഥാപാത്രമായിരുന്നു. ശാരദക്കുട്ടിയെന്ന കപട സാംസ്കാരികനായികയുടെ ഈ അനവസരത്തിലെ പോസ്റ്റ് വെറും നാവുപിഴവല്ല മറിച്ച് അബോധത്തിലെ ഒരുവളുടെ അസൂയയും കുന്നായ്മയും അധമരാഷ്ട്രീയവുമാണെന്ന് മനസ്സിലാക്കാൻ ആർക്കാണ് കഴിയാത്തത്? മലയാളപപ്പരാസിയുടെ സെൻസേഷണൽ ആക്രാന്തം ശാരദക്കുട്ടിയെന്നവയസ്സായ ചെണ്ടയ്ക്കും അവർ കൊട്ടുന്ന പോസ്റ്റ് കോലിനും സ്പേസ് കൊടുക്കുമെന്ന ധൈര്യത്തിൽ ഒന്ന് അടന്ത വിക്കിയതായിട്ട് കണ്ടാൽ മതിയെന്നും അഞ്ജു വിമർശിക്കുന്നു.
അഞ്ജു പാർവതി പ്രബീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
‘ ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നൂ,മണ്ണിൽ
ഒരു നിശാഗന്ധിയായ് കൺ തുറന്നു’.
മോനിഷയെന്ന മലയാളത്തിന്റെ മാലാഖയെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിലേയ്ക്കോടിയെത്തുന്നത് ഓ.എൻ.വി മാഷിന്റെ ഈ വരികളാണ്.നീയെത്ര ധന്യയെന്ന കാർത്തികചിത്രത്തിനു മോനിഷയെന്ന നടിയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ആ സിനിമയിലെ ഈ വരികൾക്കുള്ളിൽ വരച്ചിടുന്നത് മോനിഷയെയാണെന്ന് കരുതാനാണ് എനിക്കിഷ്ടം.
ഭൂമിയെ സ്നേഹിച്ചതുക്കൊണ്ടുമാത്രം സ്വർഗ്ഗത്തിൽ നിന്നും ഒരു നിശാഗന്ധി പൂവിന്റെ ജന്മമെടുത്തു വന്ന ആ ദേവദൂതിക, ഭൂമിയിൽ താനുള്ള കുറച്ചു കാലം കൊണ്ട്, സ്വന്തം നിഷ്കളങ്കതയുടെ മുഖമുദ്ര ചാർത്തി ജീവൻ കൊടുത്ത ജീവസ്സുറ്റ, മലയാളിത്വത്തിന്റെ നൈർമല്യമുള്ള ഒരു പിടി കഥാപാത്രങ്ങൾ നമുക്ക് നല്കിക്കൊണ്ട് തിരികെ സ്വർഗ്ഗത്തിലേയ്ക്ക് തന്നെ മടങ്ങിപ്പോയതാകാനേ തരമുള്ളൂ. ഓർമകളിൽ വേദനയുടെ നഖക്ഷതങ്ങൾ തീർക്കുന്ന ആ മരണം നടന്നിട്ട് ഇരുപത്തേഴ് വർഷങ്ങളാകുന്നുവെങ്കിലും മലയാളിമനസ്സിന്റെ പൂമുറ്റത്തെ ഊഞ്ഞാലിലിരുന്നാടുന്ന ആ ശാലീനതയ്ക്ക് എന്നും ഒരേ വയസ്സ്. അതേ,പതിനഞ്ചാം വയസിൽ അഭിനയമികവിന്റെ ഉർവശിപ്പട്ടം സ്വന്തമാക്കിയ നടി മോനിഷയുടെ പ്രസാദം ചൊരിയുന്ന മുഖത്തെ മലയാളിപ്രേക്ഷകരുടെ ഓർമ്മകളിൽ നിന്നു മായ്ക്കാൻ മരണത്തിനു ഇതുവരെയും കഴിഞ്ഞിട്ടില്ല.മരണശേഷവും ഇത്രയും വേദനയോടെ മലയാളികൾ ഓർക്കുന്ന വേറൊരു നായിക ഉണ്ടാകില്ല തന്നെ .
കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയിൽ നാരായണൻ ഉണ്ണിയുടേയും ശ്രീദേവിയുടേയും മകളായി 1971ൽ ജനനം. അച്ഛൻ നാരായണൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ ബിസിനസ്സായിരുന്നതിനാൽ മോനിഷ വളർന്നതും പഠിച്ചതും ബാംഗ്ലൂരിലായിരുന്നു. ബാംഗ്ലൂർ സെന്റ് ചാൾസ് ഹൈസ്ക്കൂൾ, ബിഷപ്പ് കോട്ടൺ ഗേൾസ് സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ബാംഗ്ലൂരിലെ മൌണ്ട് കാർമ്മൽ കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദ പഠനം പൂർത്തിയാക്കി. നൃത്താദ്ധ്യാപിക കൂടിയായ അമ്മ ശ്രീദേവിയിൽ നിന്നാണ് മോനിഷ നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. ഒൻപതാം വയസ്സിൽ നൃത്തത്തിൽ അരങ്ങേറ്റം നടത്തി.ഭരതനാട്യത്തിന് ലഭിക്കുന്ന ഏററവും ശ്രേഷ്ഠമായ സംസ്ഥാന പുരസ്ക്കാരം കൌശിക അവാർഡ് പതിനഞ്ചാം വയസ്സിൽ മോനിഷയ്ക്ക് ലഭിക്കുകയുണ്ടായി.
എംടി.യുമായുള്ള കുടുംബസൗഹൃദമായിരുന്നു മോനിഷയെ നഖക്ഷതങ്ങളിലേക്ക് എത്തിച്ചത്. ഹരിഹരൻ എം.ടികൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിലെ ത്രിമാന പ്രണയത്തിൽ ഗൗരി എന്ന വീട്ടുജോലിക്കാരി പെൺകുട്ടിയുടെ ദുഃഖം മോനിഷയിലൂടെ പ്രേക്ഷകഹൃദയം ഏറ്റുവാങ്ങി. മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ട് ചുറ്റി ലാളിത്യത്തിന്റെ അനിതരസാധാരണമായ ഗ്രാമരൂപമായിരുന്നു ഗൗരിയുടേത്. ഗുരുവായൂർക്ഷേത്രപരിസരത്ത് ആ കവിതാശകലവും മൂളിനടന്ന പെൺകുട്ടി അക്ഷരാർത്ഥത്തിൽ പ്രേക്ഷകഹൃദയത്തിൽ ആദ്യസിനിമകൊണ്ടുതന്നെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഒപ്പം മഞ്ഞൾപ്രസാദമെന്നാൽ മോനിഷയെന്ന മുഖപ്രസാദത്തിന്റെ പര്യായവും!
നഖക്ഷതങ്ങൾ നല്കിയ കരുത്ത് ഒട്ടേറെ നല്ല വേഷങ്ങൾക്ക് പിന്നീട് മോനിഷയ്ക്ക് വഴികാട്ടിയായി. എം.ടിയുടെ തന്നെ രചനകളിലിറങ്ങിയ ഋതുഭേദം, പെരുന്തച്ഛൻ, കടവ് എന്നീ ചിത്രങ്ങളിലൂടെ മോനിഷ ഏറെ മുന്നോട്ടു പോകുകയും ചെയ്തു.മാളവിക നങ്യാർ എന്ന പതിമൂന്നു ലക്ഷണ ഗുണങ്ങളും ഒത്തിണങ്ങിയ യുവ നർത്തകിയായി മോനിഷ കമലദളത്തിൽ നിറഞ്ഞാടുകയായിരുന്നു. സർവ്വലക്ഷണങ്ങളും തികഞ്ഞ ഒരു ‘കമലം’ അവളുടെ ‘ദളങ്ങൾ’ വിടർത്തി ആടുന്നതുപോലെയായിരുന്നുവത്.
സായംസന്ധ്യ, ആര്യൻ, കനകാംബരങ്ങൾ, അധിപൻ, കുറുപ്പിന്റെ കണക്കുപുസ്തകം, വീണമീട്ടിയ വിലങ്ങുകൾ, തലസ്ഥാനം, ഒരു കൊച്ചുഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചൻ, ഏറ്റവും ഒടുവിലായി ചെപ്പടിവിദ്യ ഇങ്ങനെ ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ ആറുവർഷങ്ങൾക്കിടയിൽ വേഷമിട്ടു.ശോഭന, കാർത്തിക, പാർവ്വതി എന്നിവർ തിളങ്ങി നില്ക്കുന്ന കാലത്താണ് മോനിഷയുടെ വരവ്. നിഷ്കളങ്കമായ ചിരിയും ജിജ്ഞാസ തുടിക്കുന്ന കണ്ണുകളും നീണ്ട മുടിയുമുള്ള നാടൻ പെൺകുട്ടിയുടെ രൂപഭാവങ്ങൾ മോനിഷയ്ക്ക് അത്തരം കഥാപാത്രങ്ങളെ തന്നെ ലഭിക്കാനിടയാക്കി.
ഒരു രാത്രിയാത്രയുടെ നഷ്ടമാണ് ഈ കലാകാരി.ഒപ്പം ഡിസംബറിന്റെ നോവും!
ഏതൊരു മഹത്തായ അഭിനേത്രിയെയും പോലെ,അത്യപൂർവ്വമായി, താൻ അവസാനം അഭിനയിച്ചു കൊണ്ടിരുന്ന സിനിമയിൽ, സ്വന്തം ഡയലോഗിലൂടെ അവസാന യാത്രാമൊഴിയും ചൊല്ലിയാണ് മലയാളത്തിന്റെ സ്വന്തം മോനിഷ ഉണ്ണി എന്ന ശാലീന സുന്ദര നഷ്ടതാരകം എന്നെന്നേക്കുമായി വിട ചൊല്ലിയത്.വിടർന്ന കണ്ണും മുട്ടോളമെത്തുന്ന തലമുടിയുമൊക്കെയായി മലയാളിത്തം തുളമ്പുന്ന ഒരു പെൺകുട്ടിയെന്ന് കേൾക്കുമ്പോൾ ഇന്നും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമാണ് മോനിഷ. മോനിഷയ്ക്ക് ശേഷം മോനിഷ മാത്രമെന്ന് ആരാധകർ ആവർത്തിക്കുന്നത് പ്രതിഭയ്ക്കപ്പുറം അവർക്ക് പകരം വെയ്ക്കാൻ, മലയാളത്തനിമ കൊണ്ടും ശാലീനത കൊണ്ടും മറ്റൊരാളെ ഇന്നേവരെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ചിട്ടില്ല എന്നത് കൊണ്ടുകൂടിയാണ്.
മുഖപേശികൾ വിറപ്പിക്കുന്നതാണ് അഭിനയമെന്ന മാമൂൽ നിർവ്വചനത്തെ ഏറ്റുപിടിച്ചുക്കൊണ്ട് ഒരു എഴുത്തുകാരി
ഈ കോവിഡ് വേളയിൽ വെറുതെ പുലമ്പിയ ഒരു ജല്പനം ശ്രദ്ധയിൽ കണ്ടതുകൊണ്ട് മോനിഷയെ കുറിച്ച് ഇത്രയും എഴുതേണ്ടി വന്നു. മരിച്ച് മണ്ണടിഞ്ഞ ഒരു കലാകാരിയുടെ നിർജീവമായ മുഖഭാവത്തെ കളിയാക്കുന്നതും അവർക്ക് കിട്ടിയ ദേശീയപുരസ്കാരം അനർഹമാണെന്ന് വിമർശിക്കുന്നതും ബോഡി ഷെയിമിങ്ങ് ആവില്ലേ സാഹിത്യസിംഹിണി? നിസ്സഹായയായ ഒരു വേലക്കാരി പെൺകുട്ടിയുടെ നിർജീവതയെ മുഖം കൊണ്ട് ചലിപ്പിക്കാൻ അവർ അവതരിപ്പിച്ചത് കഥകളിയായിരുന്നില്ല; മറിച്ച് സിനിമയിലെ കഥാപാത്രമായിരുന്നു എന്നത് അവർ മരിച്ച് ഇരുപത്തേഴു വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങളെന്ന എഴുത്തുകാരിക്ക് മനസ്സിലാക്കാൻ കഴിയാത്തതിനു പിന്നിലെ മനോവികാരം എന്തായിരിക്കണം? ശാരദക്കുട്ടിയെന്ന കപട സാംസ്കാരികനായികയുടെ ഈ അനവസരത്തിലെ പോസ്റ്റ് വെറും നാവുപിഴവല്ല മറിച്ച് അബോധത്തിലെ ഒരുവളുടെ അസൂയയും കുന്നായ്മയും അധമരാഷ്ട്രീയവുമാണെന്ന് മനസ്സിലാക്കാൻ ആർക്കാണ് കഴിയാത്തത്? മലയാളപപ്പരാസിയുടെ സെൻസേഷണൽ ആക്രാന്തം ശാരദക്കുട്ടിയെന്നവയസ്സായ ചെണ്ടയ്ക്കും അവർ കൊട്ടുന്ന പോസ്റ്റ് കോലിനും സ്പേസ് കൊടുക്കുമെന്ന ധൈര്യത്തിൽ ഒന്ന് അടന്ത വിക്കിയതായിട്ട് കണ്ടാൽ മതി!