തൃശ്ശൂര്‍: നീന്തല്‍ക്കുളത്തില്‍ നീന്തി തുടിച്ച് ഉല്ലസിക്കുന്ന ഒരു ഒന്നര വയസുകാരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കെട്ടിടനിര്‍മാണക്കമ്പനിയുടെ ഡയറക്ടറായ ജോ ലൂവിസിന്റെയും റോസിന്റെയും മകള്‍ മറിയം ആണ് ഏവരെയും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച് താരമാകുന്നത്.
ലോക്ഡൗണ്‍ കാലത്ത് സഹോദരങ്ങളും അച്ഛനുമമ്മയും വീട്ടിലെ നീന്തല്‍ക്കുളത്തില്‍ നീന്തുന്നത് കണ്ടപ്പോഴാണ് വെള്ളത്തില്‍ ഇറങ്ങാന്‍ മറിയത്തിനും പ്രേരണയായത്. എന്നാല്‍ പ്രായം ഒന്നരവയസ്സ് മാത്രമായതിനാല്‍ അച്ഛനും അമ്മയും ആദ്യം ഒന്ന് മടിച്ചു. മൂത്തവരെല്ലാം നീന്തല്‍ പഠിച്ചത് നാലുവയസ്സിലാണ്. അപ്പോള്‍ മതിയെന്ന് പറഞ്ഞെങ്കിലും മറിയം കൂട്ടാക്കിയില്ല. വാശി കൂടി വന്നപ്പോള്‍ കുളത്തിലിറക്കുകയായിരുന്നു.
ലോക്ഡൗണ്‍ നീണ്ടത് മറിയത്തിന് ഭാഗ്യമായി. ഇപ്പോള്‍ മറിയം നല്ലനീന്തലുകാരിയായി. ആരുടെയും സഹായമില്ലാതെ നീന്തിത്തുടിക്കുമിപ്പോള് ഈ ഒന്നരവയസ്സുകാരി. കിഴക്കുംപാട്ടുകരയിലെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ സഹോദരങ്ങളായ ലൂയി, സെലിന്എല്സ, മാത്യു എന്നിവരാണ് മറിയത്തിന് കൂട്ടായി ഉള്ളത്.
Discussion about this post