കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം ഇന്ന് ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ്. എന്നാല്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാതെ വിഷമിക്കുന്ന അനേകം നിര്‍ധനരായ വിദ്യാര്‍ത്ഥികളും നമുക്ക് ഇടയില്‍ ഉണ്ട്. ഇവരുടെയും വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഡിവൈഎഫ്ഐ തുടങ്ങി വെച്ച ടിവി ചലഞ്ചിന് മികച്ച പ്രതികരണം.
ആദ്യദിനത്തില്‍ 1000ത്തിലധികം ടിവികളാണ് വന്ന് ചേര്‍ന്നത്. എറണാകുളം ജില്ലയില്‍ നിന്നു മാത്രം ലഭിച്ചത് 100ലധികം ടിവികളാണ്. ഇവ കോതമംഗലം ആദിവാസി കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ച് നല്‍കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത രണ്ടരലക്ഷം വിദ്യാര്‍ത്ഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ ജൂണ്‍ ഒന്നിന് ആരംഭിച്ചു. ടിവി പോലും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമാണ്. ഈ സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് ടെലിവിഷന്‍ എത്തിച്ച് നല്‍കാനുള്ള ലക്ഷ്യവുമായാണ് ഡിവൈഎഫ്ഐ രംഗത്ത് വന്നിരിക്കുന്നത്.
കൊച്ചിയില്‍ ഹൈക്കോടതിയിലെ ഡിവൈഎഫ്ഐ യൂണിറ്റിലെ അഭിഭാഷകര്‍, സംവിധായകന് ആഷിഖ് അബു, ഡോക്ടര്‍മാര്‍, വ്യാപാരികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചലഞ്ച് ഏറ്റെടുത്തു. ഓരോ ജില്ലയിലെയും ഏറ്റവും പിന്നോക്കമുള്ള പ്രദേശങ്ങളിലാണ് ആദ്യം ടിവി വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പട്ടികയില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. വീട്ടില്‍ ഒന്നില്‍ കൂടുതല്‍ ടിവി ഉള്ളവര്‍ക്കോ, പുതിയ ടിവി വാങ്ങി നല്കാന് തയ്യാറാകുന്നവര്‍ക്കോ വരും ദിവസങ്ങളില്‍ ടിവി ചലഞ്ചില്‍ പങ്കാളികളാകാം.
Discussion about this post