തൃശ്ശൂർ: വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ കഷ്ടപ്പെടുമ്പോൾ തന്നാലാകും വിധം സഹായ ഹസ്തം നീട്ടി നടൻ സുബീഷ്. കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കൾ ഇതുകണ്ടിട്ട് തന്നെ വിളിക്കരുതെന്നും കയ്യിൽ പണമുണ്ടായിട്ടു ചെയ്യുന്നതല്ല, വിദേശത്തുള്ള ഒരു സുഹൃത്തുമായി ചേർന്നാണ് താനിത് നൽകുന്നതെന്നും സുബീഷ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരും ഒരുപോലെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും അതിന് വേണ്ടി തന്നാലാവുന്ന സഹായങ്ങൾ ചെയ്യാറുണ്ടെന്നും സുബീഷ് പറയുന്നു.
സുബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഞാൻ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്.. പ്രവാസിയായ അച്ഛന്റെ പൈസ മാറാൻ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂർ ടൗണിൽ വന്ന് മസാല ദോശയോ അല്ലെങ്കിൽ പൊറോട്ടയോ ബിഫോ കഴിക്കുന്നതാണ് എന്റെ ജീവിതത്തിൽ ഒരു കാലത്തെ ഏറ്റവും വലിയ ആർഭാടം..
ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളിൽ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികൾ ഞാൻ കഴിക്കുന്ന ബീഫും പൊറോട്ടയും കഴിക്കുന്ന കണ്ടിട്ടുണ്ട്. തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട് .. മുതിർന്നപ്പോൾ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്. എന്നെക്കൊണ്ട് നടത്താവുന്ന രീതിയിൽ ഞാൻ ചെയ്യാറുമുണ്ട്. സമൂഹത്തിൽ എല്ലാവരും ഒരേ അവസ്ഥയിൽ ജീവിക്കണം എന്നു ചിന്തിക്കുന്ന ഒരാളാണ് ഞാൻ.. അതാണ് ടിവി യില്ലാതെ ടാബ് ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി DYFI TV ചലഞ്ച് ഭാഗമായി ഒരു ടിവി നൽകാൻ തീരുമാനിച്ചത്..
അതു ഇന്ന് DYFI യെ ഏൽപ്പിച്ചു ..DYFI അതു അർഹതയുള്ള കൈകളിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്….ടിവി യില്ലാതെ തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങിയ ദേവികക്ക് ആദരാഞ്ജലികൾ. .
Discussion about this post