കൊല്ലം: മാതാപിതാക്കളൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കൊല്ലം കണ്ണനല്ലൂര്‍ ചേരീക്കോണത്താണ് സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് പുലര്‍ച്ചെ വീട്ടിനകത്ത് നിന്നും അജ്ഞാതന്‍ കടത്തിക്കൊണ്ടുപോയത്.
പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. അടച്ചുറപ്പില്ലാത്ത വീട്ടിനുള്ളിലേക്ക് ആരുമറിയാതെ എത്തിയ അജ്ഞാതന്‍ മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
അസമയത്ത് കുഞ്ഞുമായി പോകുന്ന അര്‍ദ്ധ നഗ്നനായ അപരിചിതനെ നാട്ടുകാരന് കണ്ടു. സംശയം തോന്നിയ നാട്ടുകാരന് ഇയാളെ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ബഹളം കേട്ട് നാട്ടുകാരെല്ലാം ഓടിക്കൂടി.
ഇതോടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ് പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. ഇതെല്ലാം കഴിഞ്ഞ് നാട്ടുകാര്‍ കുഞ്ഞുമായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ സംഭവം അറിയുന്നത്. മാതാപിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തു. പ്രതിക്കായി അന്വേഷണം തുടങ്ങി.
Discussion about this post