ന്യൂഡല്‍ഹി: മലപ്പുറത്തിനെതിരെ നിരന്തരമായി വര്‍ഗീയ അസത്യ പ്രചാരണം നടത്തുന്ന ബിജെപി മാപ്പുപറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാലക്കാട്ടെ മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്താണുണ്ടായതെന്ന തരത്തില്‍ ബിജെപി കുപ്രചരണം നടത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്താണുണ്ടായതെന്ന തരത്തില്‍ കുപ്രചരണം നടത്തി വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപി മാപ്പു പറയണം. കേന്ദ്ര മന്ത്രിമാരായ മനേകാ ഗാന്ധിയും പ്രകാശ് ജാവദേക്കറും ഈ കുപ്രചാരണത്തെ ഏറ്റെടുത്തുവെന്നു മാത്രമല്ല പരസ്യമായ പിന്തുണയും നല്‍കിയെന്ന് കെസ് വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്തെക്കുറിച്ച് നിരന്തരമായി ബി.ജെ.പി. നേതാക്കളും അണികളും നടത്തുന്ന വര്‍ഗീയ അസത്യ പ്രചാരണം കേരളത്തിന്റെ സാമൂഹിക സൗഹാര്‍ദ സമീപനത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ പിന്‍വലിച്ചു കേരളസമൂഹത്തോടു മാപ്പു പറയാന്‍ മനേക ഗാന്ധിയും പ്രകാശ് ജാവഡേക്കറും അടങ്ങുന്ന ബി.ജെ.പി നേതൃത്വവും അണികളും തയ്യാറാവണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഈ നിര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് രാഹുല്‍ ഗാന്ധിയേയും വലിച്ചിഴക്കുന്നവരുണ്ട്. ഉദ്ദേശം വന്യജീവി സ്‌നേഹമോ, സംഭവത്തോടുള്ള ആത്മാര്‍ത്ഥമായ പ്രതികരണമോ അല്ലെന്നും മറിച്ച് ഗൂഢ ലക്ഷ്യത്തോടെയാണൈന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
സമാനതകളില്ലാത്ത ക്രൂരതക്കാണ് പിടിയാന ഇരയായത്. ഈ ദാരുണമായ സംഭവത്തെപ്പോലും വികൃതമായ വര്‍ഗീയ പ്രചാരണങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ അതിലും വലിയ നെറികേടാണ് ചെയ്യുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.