തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍, അതിന്റെ പേരില്‍ കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമം അനുവദിക്കാനാകില്ല.
കോവിഡ് പ്രതിരോധത്തില്‍ ലഭിച്ച ഖ്യാതി ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജപ്രചരണത്തിന് തയ്യാറാകുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
മിണ്ടാപ്രാണിയുടെ മരണം വേദനാജനകമാണ്. നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിന് നടക്കുന്നു. മലപ്പുറത്തല്ല, പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്. അതിന്റെ പേരില്‍ കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നത് ശരിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല.
മനേക ഗാന്ധി ഇതേക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെങ്കില്‍ അവര്‍ക്ക് തിരുത്താം. എന്നാല്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അവര്‍ ബോധപൂര്‍വം പറഞ്ഞതാണെന്നുവേണം കരുതാനെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ വായയില്‍ പൊട്ടിത്തെറിച്ചാണ് മണ്ണാര്‍ക്കാട് ഗര്‍ഭാവസ്ഥയിലുള്ള ആന ചരിഞ്ഞത്. സംഭവത്തില്‍ രൂക്ഷവിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ല മൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ കാര്യത്തില്‍ പ്രസിദ്ധമാണെന്നും അവര്‍ ആരോപിച്ചിരുന്നു.
Discussion about this post