തിരുവനന്തപുരം: സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ജില്ലയുടെ പേരെടുത്ത് പറഞ്ഞ് നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ചിലര്‍ ആനയുടെ മരണത്തെ വര്‍ഗ്ഗീയ മാനം നല്കി വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചുവെന്നും അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ങ്ങള്‍ കൂടുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ നടപടികളെടുക്കും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രാചരണങ്ങളെ ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.
‘മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടിയതിന് പിന്നിലെ കാരണങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം പ്രാദേശിക സമൂഹങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കും. എന്നാല്‍ ചിലര്‍ ഈ ദുരന്തത്തെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചു. അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. കൃത്യമല്ലാത്ത വിവരണങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിച്ച് സത്യത്തെ ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ആനയുടെ മരണത്തില്‍ മുന്‍ധാരണകളോടെ വര്‍ഗ്ഗീയ മാനം നല്കാന് ചിലര്‍ ശ്രമിച്ചു- മുഖ്യമന്ത്രി കുറിച്ചു.
ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു കടിച്ച് ചരിഞ്ഞ സംഭവത്തില്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവര്‍ മലപ്പുറം ജില്ലയ്ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയിരുന്നു. ഇതിന് ചുവട് പിടിച്ച് വര്‍ഗ്ഗീയ ചുവയുള്ള പ്രചാരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്.
Discussion about this post