വടകര: വടകര തൂണേരിയില്‍ കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ കട അടിച്ചുതകര്‍ത്ത നിലയില്‍. ഇന്നലെ രാത്രിയിലാണ് ആക്രമണം നടന്നത്. പുറമേരി വെള്ളൂര്‍ റോഡില്‍ മത്സ്യക്കട നടത്തിയിരുന്ന കടയുടെ ഷട്ടറും മത്സ്യം വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന സ്റ്റാന്‍ഡുമാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു.
രാവിലെ ഇതുവഴി കടന്നുപോയ നാട്ടുകാരാണ് കട അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ശേഷം വിവരം പോലീസിനേയും പഞ്ചായത്ത് അധികൃതരേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ചു.
മെയ് 28 നാണ് വടകര സ്വദേശിയായ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തലശേരി സ്വദേശിയുടെ സമ്പര്‍ക്കം വഴിയായിരുന്നു ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. അതിന് ശേഷം നാദാപുരം വടകര തുടങ്ങിയ സ്ഥലങ്ങളെല്ലാം റെഡ് സോണിലായിരുന്നു.