പാലക്കാട്: ഗർഭിണിയായ കാട്ടാനയ്ക്ക് പൈനാപ്പിളിൽ പടക്കം വച്ചു നൽകി കൊലപ്പെടുത്തിയ സംഭവം വനംവകുപ്പിന്റെ അനസ്ഥയാണെന്ന് നാട്ടുകാർ. കാട്ടാനയെ രക്ഷിക്കാൻ വനംവകുപ്പ് സമയോചിതമായി ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് വായിൽ പൊള്ളലേറ്റ കാട്ടാന രണ്ടു മൂന്ന് ദിവസം ജനവാസകേന്ദ്രത്തിൽ ചുറ്റിക്കറങ്ങി നടന്നിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി. തുടർന്നാണ് അരുവിയിലിറങ്ങി നിന്നതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം കാട്ടാന മരണപ്പെട്ട സംഭവത്തിൽ വനംവകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പടക്കം പൊട്ടി പൊള്ളലേറ്റ ആന ചരിയാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് വനം വകുപ്പിന്റെ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.
ഈ ക്രൂരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് ചില സൂചനകൾ വനംവകുപ്പിന് ലഭിച്ചതായി വിവരമുണ്ട്. വരും മണിക്കൂറുകളിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തിരിവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post