കരുവാരകുണ്ട് : കാട്ടില്‍ കയറാതെ റബ്ബര്‍ത്തോട്ടത്തില്‍ 4 ദിവസമായി നിലയുറപ്പിച്ച ആന അവശ നിലയില്‍. കല്‍ക്കുണ്ട് ആര്‍ത്തലക്കുന്നില്‍ കോളനിക്കു സമീപം വ്യക്തിയുടെ റബര്‍ത്തോട്ടത്തിലാണ് ആനയെ കണ്ടത്. നാല് ദിവസമായി അനങ്ങാന്‍ പറ്റാതെ ഒരേ നില്‍പ്പില്‍ നില്‍ക്കുകയാണ് ആന.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ ആനയെ കാട്ടിലേക്കു കയറ്റിവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു. രാത്രിയില്‍ ആനയ്ക്കു കാവല്‍ ഉണ്ടാകുമെന്നും ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ അരുണ്‍ സക്കറിയ ഇന്ന് സ്ഥലത്തെത്തി ആനയുടെ രോഗനിര്‍ണയം നടത്തുമെന്നും റേഞ്ച് ഓഫിസര്‍ അജയ്‌ഘോഷ് അറിയിച്ചതിനെത്തുടര്‍ന്നാണ് ജനം പിരിഞ്ഞുപോയത്.
തുടര്‍ന്ന് സൈലന്റ് വാലി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ.എം.മുഹമ്മദ് ഹാഷിമിന്റയും കരുവാരകുണ്ട് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശശികുമാര്‍ ചെങ്കല്‍വീട്ടിലിന്റെയും നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 2 ആഴ്ചയോളമായി കമ്പിപ്പാലത്തും കല്‍ക്കുണ്ടിലും ആര്‍ത്തലയിലും നാശം വിതച്ചത് ഈ ആനയാണെന്നു സംശയിക്കുന്നു.
ആന അസുഖം ബാധിച്ച് അവശനായതാണെന്നു സംശയിക്കുന്നു. എത്ര ശബ്ദമുണ്ടാക്കിയിട്ടും ആന ഒരുതരി മുന്നോട്ട് നീങ്ങിയില്ല. അടുത്തേക്ക് ചെല്ലുമ്പോള്‍ ദുര്‍ഗന്ധവുമുണ്ട്. പടക്കം പൊട്ടിച്ചും മറ്റും ആനയെ വനത്തിലേക്കു കയറ്റാന്‍ ശ്രമിച്ചാലും പോകാന്‍ ആനയ്ക്കു ശേഷിയില്ല.