അഞ്ചൽ: കൊല്ലത്ത് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളുടെ കുഞ്ഞിന്റെ കരച്ചിലിൽ നെഞ്ചു നീറി ഒരു നാടാകെ. അമ്മയും അച്ഛനും ഈ ലോകം വിട്ടുപോയതൊന്നും മൂന്നുവയസ്സുകാരി അശ്വതി അറിഞ്ഞിട്ടില്ല. മരിച്ച സുനിലിനേയും സുജിനിയേയും തിരഞ്ഞെത്തിയവർ വാതിൽ ചവിട്ടിതുറന്ന് അകത്തുകയറുമ്പോൾ അമ്മയുടെ മൃതദേഹത്തിൽ മുലപ്പാൽ നുണഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവൾ. അഞ്ചൽ ഇടമുളയ്ക്കൽ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ കാഴ്ച. ഇടമുളയ്ക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനിൽ വീടിന്റെ കഴുക്കോലിൽ തൂങ്ങിയനിലയിലും സുജിനി തറയിൽ പായയിൽ മരിച്ചനിലയിലുമായിരുന്നു.
വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സുനിൽ ആലഞ്ചേരിയിൽ താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിവരമറിയിച്ചു. രാവിലെ അദ്ദേഹം വന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. വീട്ടിനുള്ളിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽകേട്ട് സമീപത്തെ വീട്ടിൽനിന്ന് വെട്ടുകത്തിവാങ്ങി ജനൽപ്പാളി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സുനിലിന്റെയും സുജിനിയുടെയും മൃതദേഹങ്ങൾ കണ്ടത്. കുഞ്ഞ് അമ്മയുടെ മുലപ്പാൽ കുടിച്ച് കരയുകയായിരുന്നു.
സുജിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം സുനിൽ ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. മേസ്തിരി പണിക്കാരനാണ് സുനിൽ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.