അടൂര്‍: കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ഒന്നാം പ്രതി സൂരജ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അന്വേഷക സംഘം പരിശോധിച്ചിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ആരും അറിയാതെ ലോക്കറില്‍ നിന്ന് സൂരജ് ഉത്രയുടെ സ്വര്‍ണം എടുത്തതെന്ന് തെളിഞ്ഞു.
ലോക്കറില്‍ പത്തു പവനും ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കിയ ആറു പവനുമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ബാങ്ക് രേഖകളും പരിശോധിച്ചു. ക്രൈംബ്രാഞ്ച് സംഘം അടൂര്‍ പാര്‍ഥസാരഥി ജങ്ഷനു സമീപത്തെ ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവാഹസമയത്ത് വീട്ടുകാര്‍ ഉത്രയ്ക്ക് നല്‍കിയത് 98 പവന്‍ ആഭരണമാണ്. ലോക്കറില്‍നിന്ന് നേരത്തെ എടുത്ത 38 പവന്‍ സൂരജിന്റെ പറക്കോട്ടെ വീടിനു സമീപം കുഴിച്ചിട്ടത് അന്വേഷകസംഘം കണ്ടെടുത്തിരുന്നു. ഉത്രയുടെ ആഭരണം ഈടുവച്ച് വാങ്ങിയ ബൈക്ക് സൂരജ് സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു.
ഇത് അന്വേഷകസംഘം പിടിച്ചെടുത്തു. സൂരജ് ആഭരണങ്ങള്‍ മറ്റു ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധിക്കുശേഷം സൂരജിനെയും രണ്ടാംപ്രതി ചാവര്‍കോട് സുരേഷിനെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇനിയും അമ്പത് പവനോളം സ്വര്‍ണം കിട്ടാനുണ്ട്.