തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് മാറി താമസിക്കുവാന്‍ നിര്‍ദേശം നല്‍കി.
ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ്‍ 6നും 7നും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.
എറണാകുളം, ഇടുക്കി എന്നി ജില്ലകളില്‍ ജൂണ്‍ 6നും, ജൂണ്‍ 7 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് അനുസരിച്ച് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണ് എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുകയും വീണ്ടും കാലവര്‍ഷം ശക്തമാവുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. പ്രളയ സാധ്യത ഇത്തവണയും തള്ളിക്കളയാനാവില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post