ഗര്‍ഭിണിയായ ആന ക്രൂരമായി കൊല്ലപ്പെട്ട സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; വിശദ അന്വേഷണത്തിന് ടീമിനെ അയച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ ഗര്‍ഭിണിയായ ആന ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഈ കാട്ടന ഗര്‍ഭിണി കൂടിയായിരുന്നു.

സ്‌ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന് കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Exit mobile version