കുമ്പള: കാസർകോട് വെച്ച് ചൊവ്വാഴ്ച പുലർച്ചെ കാറിൽ ആറു കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത് നയപരമായ നീക്കത്തിലൂടെ. കുമ്പള സബ് ഇൻസ്പെക്ടർ വിനോദ് കുമാറും ഡ്രൈവർ മനോജ് കുമാറും ചേർന്നാണ് പ്രതികളെ നയത്തിൽ കുരുക്കിലാക്കിയത്. ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥർ മാത്രമേ പോലീസ് വാഹനത്തിലുണ്ടായിരുന്നുള്ളൂ. കഞ്ചാവ് കടത്തുന്ന സംഘത്തിലാകട്ടെ മൂന്നുപേരും. ഇവരിൽ ആരെങ്കിലും ഓടിപ്പോകാൻ സാധ്യതയേറെയായിരുന്നു. അതാണ് നയപരമായി ഇടപെട്ട് തടഞ്ഞത്.
കൊവിഡ് പരിശോധനയുടെ ഭാഗമായി കുമ്പള ടൗണിലെ ബദിയടുക്ക റോഡിൽ വാഹനത്തിൽ നിരീക്ഷണം നടത്തുകയായിരുന്നു പോലീസ് സംഘം. ദേശീയപാതയിൽനിന്നു വന്ന് സീതാംഗോളി റോഡിലേക്ക് പോകുന്ന ചുവന്ന കാർ ശ്രദ്ധയിൽപ്പെട്ടപ്പോൾ കൈകാണിച്ചു. കാർ നിർത്താതെ പാഞ്ഞതോടെ സംശയം തോന്നി പോലീസ് പിന്നാലെ കുതിച്ചു. അഞ്ചുമിനിറ്റ് ഓടിയപ്പോഴേക്കും വളവിലെത്തിയ കാർ റോഡിൽനിന്ന് തെന്നിമാറി നിന്നുപോയി.
പിന്നാലെ എത്തിയ പോലീസ് ചെന്ന് നോക്കുമ്പോൾ കാറിൽ മൂന്നുപേരുണ്ടെന്ന് മനസ്സിലാക്കി. ഉടൻ വാഹനപരിശോധനയ്ക്കൊന്നും നിന്നില്ല. പരിഭ്രമിച്ചിരിക്കുകയായിരുന്നവരെ പോലീസ് സമാധാനിപ്പിച്ച് സംസാരിച്ചു. കാർ വീണ്ടും റോഡിലേക്ക് കയറ്റാൻ സഹായിക്കാമെന്നും പറഞ്ഞു. അപ്പോഴേക്കും നാട്ടുകാർ പലഭാഗത്തുനിന്നായി വന്നു. അതോടെ ഓടിപ്പോകാനുള്ള സാധ്യത അടഞ്ഞു. അതിനുശേഷമാണ് കാറിനകം നോക്കിയത്. പിൻസീറ്റിനടിയിൽ മൂന്നുപൊതികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ഇത് കണ്ടെടുത്തതോടെ വേവലാതിയിലായ മൂന്നുപേരെയും ചോദ്യംചെയ്യാതെ പോലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
സ്റ്റേഷനിലേക്കു വന്നാൽ മറ്റു കാര്യങ്ങൾ ശരിയാക്കാമെന്നു പറഞ്ഞ് വാഹനത്തിൽ കയറ്റി. തുടർന്ന് വിനോദ് കുമാർ സ്റ്റേഷനിലേക്ക് പോലീസ് വാഹനമോടിച്ചു, മനോജ് കുമാർ പ്രതികളുടെ കാറും. പ്രതികളിലൊരാളായ മുഗു സ്വദേശിയെ വീട്ടിലിറക്കി മറ്റു രണ്ടുപേരും കണ്ണൂരിലേക്ക് പോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് കരുതുന്നു. പ്രതികളായ കണ്ണൂർ മുഴപ്പിലങ്ങാട്ടെ അർഷാദ്(23), ധർമ്മടത്തെ സൽമാൻ മിൻഹാജ്(20), സീതാംഗോളി മുഗു റോഡിലെ മുഹമ്മദ് ഷെരീഫ്(20) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post