തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ജീവിതത്തില്‍ നിന്നു പടിയിറങ്ങി പോകാന്‍ ദേവികയെ പ്രേരിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് എന്നു പറയാതിരിക്കാന്‍ വയ്യെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. പത്താം സ്റ്റാന്റേര്‍ഡ് വിദ്യാര്‍ത്ഥിയായ പാവപ്പെട്ട ആ ദളിത് പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല; ലാപ്‌ടോപ്, സ്മാര്‍ട് ഫോണ്‍, എന്തിനേറെ വീട്ടിലെ ടിവി പോലും തകരാറിലായിരുന്നു.
സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പോലുമുണ്ട്. ദരിദ്രരില്‍ ദരിദ്രര്‍. അവരിലൊരാളാണ് ദേവികയെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദേവികയുടെ കുടുംബത്തിന് ഒന്നും പകരമാകില്ല; എങ്കിലും സാമ്പത്തിക പിന്തുണ നല്‍കണം. എങ്കിലും സാമ്പത്തിക പിന്തുണ നല്‍കണമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികളിലും എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയ ദിവസം തന്നെ അതേ വിഷയത്തില്‍ സങ്കടപ്പെട്ട് ജീവന്‍ വെടിയേണ്ടി വന്ന മലപ്പുറം വളാഞ്ചേരിയിലെ ദേവികയ്ക്ക് ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പത്താം സ്റ്റാന്റേര്‍ഡ് വിദ്യാര്‍ത്ഥിയായ പാവപ്പെട്ട ആ ദളിത് പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല; ലാപ്‌ടോപ്, സ്മാര്‍ട് ഫോണ്‍, എന്തിനേറെ വീട്ടിലെ ടിവി പോലും തകരാറില്‍. ‘ഞാന്‍ പോകുന്നു ‘എന്ന ഒറ്റ വാചകത്തില്‍ ഒരു കത്തെഴുതി വച്ച് ജീവിതത്തില്‍ നിന്നു പടിയിറങ്ങി പോകാന്‍ ദേവികയെ പ്രേരിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് എന്നു പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പോലുമുണ്ട്.ദരിദ്രരില്‍ ദരിദ്രര്‍. അവരിലൊരാളാണ് ദേവിക.നന്നായി പഠിക്കുമായിരുന്നു എന്ന് ആ കുട്ടിയുടെ അമ്മ പറയുന്നതും, അതാതു ദിവസത്തെ ക്ലാസ് അന്നു തന്നെ കിട്ടിയില്ലെങ്കില്‍ ജയിക്കാന്‍ പാടാണ് എന്ന് മോള്‍ പറഞ്ഞതായി അഛന്‍ പറയുന്നതും കേട്ടു; അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചു പിടഞ്ഞു പോയി.. പാഠഭാഗം നഷ്ടപ്പെടുന്ന വേദനയില്‍ നീ ജീവിതം തന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ, മോളേ.
ദേവികമാര്‍ക്കു കൂടി ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭിച്ചിട്ടു പോരായിരുന്നോ ഈ പരീക്ഷണം? അല്ലെങ്കില്‍ ഇതൊരു പരീക്ഷണമാണെന്നും അതിന്റെ ഭാഗമാകാന്‍ കഴിയാത്തവര്‍ക്ക് വിഷമിക്കാനൊന്നുമില്ലെന്നും തുടര്‍ച്ചയായി പറഞ്ഞ് എല്ലാ കുട്ടികളിലും എത്തിക്കാന്‍ സര്‍ക്കാരിനു കഴിയില്ലായിരുന്നോ?
കേരളം ഒന്നാമതാണ് എന്ന് വരുത്താനുള്ള ഓട്ടത്തില്‍ ഇനിയും ബലിദാനികളെ സൃഷ്ടിക്കരുത്.മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കണം.
ദേവികയുടെ കുടുംബത്തിന് ഒന്നും പകരമാകില്ല; എങ്കിലും സാമ്പത്തിക പിന്തുണ നല്‍കണം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികളിലും എത്തുന്നുവെന്ന് ഉറപ്പുവരുത്തണം.
നെഞ്ചുപിടഞ്ഞ് സ്വയം തീകൊളുത്തിയ ആ പെണ്‍കുഞ്ഞ് നമ്മുടെ മനസ്സില്‍ നിന്നു മായാതിരിക്കട്ടെ.
Discussion about this post