കൊല്ലം: കാരക്കാമല പള്ളിമുറിയിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇടവക ജനങ്ങള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പുറത്തു വിടാതെ വൈകിക്കുന്നത് പോലീസും പള്ളിവികാരിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി സിസ്റ്റര്‍ ലൂസി കളപ്പുര. ഓരോ ദിവസവും വിലപ്പെട്ട തെളിവുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല എഫ്‌സിസി മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് താന്‍ നേരില്‍ കാണാന്‍ ഇടയായിരുന്നെന്ന് സിസ്റ്റര്‍ ലൂസി തുറന്ന് പറഞ്ഞിരുന്നു.
ഇതിനെത്തുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും തനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്നും സന്ന്യാസ ജീവിതത്തിന് നിരക്കാത്ത ഇത്തരമൊരു പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി ചൂണ്ടിക്കാട്ടിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാരക്കാമല പള്ളിമുറിയിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇടവക ജനങ്ങള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പുറത്തു വിടാതെ വൈകിക്കുന്നത് പോലീസും പള്ളിവികാരിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് താന്‍ സംശയിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.
സംഭവം നടന്നിട്ട് ഇപ്പോള്‍ 6 ദിവസങ്ങളായി. അതിനര്‍ത്ഥം 6 ദിവസങ്ങളിലെ ദൃശ്യങ്ങള്‍ ഇതിനകം നഷ്ടപ്പെട്ടിരിക്കുന്നു. വൈകുന്ന ഓരോ ദിവസവും വിലപ്പെട്ട തെളിവുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. 28 ആം തീയതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയും എന്നവര്‍ക്കറിയാമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കാരക്കാമല പള്ളിമുറിയിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇടവക ജനങ്ങള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പുറത്തു വിടാതെ വൈകിക്കുന്നത് പോലീസും പള്ളിവികാരിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ഞാന്‍ സംശയിക്കുന്നു. എന്റെ അറിവനുസരിച്ച് 40ഓ 45ഓ ദിവസങ്ങള്‍ മാത്രമാണ് സിസിടിവിയുടെ ബാക് അപ്പ്. സംഭവം നടന്നിട്ട് ഇപ്പോള്‍ 6 ദിവസങ്ങളായിരുന്നു. അതിനര്‍ത്ഥം 6 ദിവസങ്ങളിലെ ദൃശ്യങ്ങള്‍ ഇതിനകം നഷ്ടപ്പെട്ടിരിക്കുന്നു. വൈകുന്ന ഓരോ ദിവസവും വിലപ്പെട്ട തെളിവുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. 28 ആം തീയതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയും എന്നവര്‍ക്കറിയാം. പക്ഷേ അതുമാത്രമല്ല കാര്യം, അതിനു മുന്‍പുള്ള ദിവസങ്ങളിലെ ദൃശ്യങ്ങളെയായിരിക്കും അവര്‍ കൂടുതല്‍ ഭയപ്പെടുന്നത് എന്ന് ന്യായമായും ഞാന്‍ സംശയിക്കുന്നു. കാരണം കഴിഞ്ഞ ഏതാനം ആഴ്ചകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കപ്പെട്ടാല്‍ പുറത്തു വരുന്നത് ഇതുവരെ അറിഞ്ഞതിനേക്കാള്‍ എത്രയോ കൂടുതലായിരിക്കും.
ഇവിടെ പോലീസും ഭരണകൂടവും നോക്കുകുത്തികളായി മാറുകയാണോ? ഫാ. സ്റ്റീഫന്‍ കോട്ടക്കലിന്റെയും സിസ്റ്റര്‍ ലിജി മരിയയുടെയും അനാശാസ്യ പ്രവൃത്തികള്‍ ഞാന്‍ നേരില്‍ കണ്ടതിനെത്തുടര്‍ന്ന് ഫാ. സ്റ്റീഫന്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും എന്നെ ആക്രമിക്കാന്‍ ഓടിച്ചതും എന്റെ ജീവനുതന്നെ അപായമുണ്ടെന്ന് കാണിച്ചും ഞാന്‍ പൊലീസിന് കൊടുത്ത പരാതിയില്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ പരാതിയിലെ സുപ്രധാന തെളിവുകളായ സിസിടിവി ദൃശ്യങ്ങള്‍ അന്നേ ദിവസം തന്നെ കസ്റ്റഡിയില്‍ എടുക്കേണ്ട ബാധ്യതയുള്ള പോലീസിന്റെ ഇതുവരെയുള്ള പ്രവൃത്തികളെല്ലാം സംശയാസ്പദമാണ്. സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ കണ്ടുകെട്ടിയിട്ടില്ല എന്ന് മാത്രമല്ല ദൃശ്യങ്ങള്‍ കാണണമെന്ന് ആവശ്യപ്പെടുന്ന ഇടവക ജനങ്ങളെ പലവിധ കാരണങ്ങള്‍ പറഞ്ഞ് തിരികെ അയക്കുകയാണ് പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തത്. യഥാര്‍ത്ഥത്തില്‍ സുപ്രധാന തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസ് ഒത്താശ ചെയ്യുകയാണോ എന്ന് ഞാന്‍ സംശയിക്കുന്നു.
പോലീസിനോടും ഭരണകൂടത്തോടും അങ്ങേയറ്റം ബഹുമാനം വച്ചുപുലത്തുന്ന ആളാണ് ഞാന്‍. പക്ഷേ നിങ്ങളുടെ ഇതുവരെയുള്ള നടപടികള്‍ സംശയം ജനിപ്പിക്കുന്നു. നിങ്ങള്‍ നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും വേണ്ടിയാണെങ്കില്‍ എത്രയും വേഗം കഴിഞ്ഞ 45 ദിവസങ്ങളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും എന്റെ പരാതിയുടെ അന്വേഷണത്തിനാവശ്യമായ സുപ്രധാന തെളിവുകളായതിനാല്‍ ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയും അവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.