ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ തീരുമാനമായി. നാളെ മുതലാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, നിബന്ധനകളോടെയായിരിക്കും ഗുരുവായൂരില്‍ വിവാഹം നടത്താന്‍ അനുമതി. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ആരാധനാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെയാണ് ഗുരുവായൂരില്‍ വിവാഹങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. എല്ലാസുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാവും വിവാഹത്തിന് അനുമതി.
ഒരു വിവാഹത്തില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിങ് ഉടനെ ആരംഭിക്കും. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്, നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്.
വധൂവരന്മാര് കൂടെ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്. വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അറിയിച്ചു.
Discussion about this post