തിരുവനന്തപുരം: വീട്ടില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെ ലാപ്ടോപ്പ് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കണം. സ്‌കൂളുകളിലെ ഉപകരണങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാം. ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗപ്പെടുത്താം.
വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യമില്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
തിങ്കളാഴ്ച വൈകീട്ടാണ് വളാഞ്ചേരിയില്‍ മാങ്കേരി ദളിത് കോളനിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവിക ആത്മഹത്യ ചെയ്തത്.
അതേസമയം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടി. മലപ്പുറം ഡിഡിഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.
കേടായ ടി.വി നന്നാക്കാന്‍ സാധിക്കാത്തതിനാലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാലും കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ വിഷമം കുട്ടി പറഞ്ഞിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നന്നായി പഠിക്കുമായിരുന്ന കുട്ടിക്ക് വിദ്യാഭ്യാസം തടസപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ‘ഞാന്‍ പോകുന്നു’ എന്ന് മാത്രമാണ് ഇതില്‍ എഴുതിയിരിക്കുന്നത്.