കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച്‌ കെണിവെച്ചു; പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാനയുടെ മുഖം ചിന്നിചിതറി, ദാരുണ മരണം

നിലമ്പൂര്‍: കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് വെച്ച കെണിയില്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് സംഭവം. സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ്ഫോടനത്തില്‍ തകരുകയായിരുന്നു. ഒന്നും കഴിക്കാനാകാതെ ഏറെ നാള്‍ പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്.

പൊട്ടിത്തെറിയില്‍ ആനയുടെ വായും നാക്കും പൂര്‍ണമായി തകര്‍ന്നു. കാട്ടുപന്നിയെ പിടികൂടാനായി ചിലര്‍ ഒരുക്കിയ കെണിയിലാണ് പിടിയാന അകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആന ചെരിഞ്ഞത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ ആന അസഹ്യമായ വേദന സഹിച്ചാണ് ചത്തത്. ഭക്ഷണം കഴിക്കാനാകാത്തതോടെ ജനവാസ കേന്ദ്രത്തില്‍ എത്തുകയായിരുന്നു.

നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും ചങ്ക് തകര്‍ക്കുന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.

Exit mobile version