കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജൂൺ അഞ്ചുമുതൽ ഈജിപ്തിലെ കെയ്‌റൊ മുതൽ ഫിലിപ്പൈൻസിലെ സെബു വരെയുള്ള നഗരങ്ങളിൽ നിന്ന് നിന്ന് പ്രവാസികളുമായി വിമാനങ്ങളെത്തും. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജൂൺ 5 ന് രാത്രി 7.45 ന് കൊച്ചിയിലെത്തും. വിയറ്റ്‌നാമിൽ നിന്ന് ജൂൺ ഏഴിനും കെയ്‌റോയിൽ നിന്ന് 16 നും യുക്രൈനിലെ കീവിൽ നിന്ന് 19 നും ലണ്ടനിൽ നിന്ന് 22 നും ഫിലിപ്പീൻസിലെ സെബുവിൽ നിന്ന് 23 നും എയർ ഇന്ത്യ വിമാനങ്ങൾ കൊച്ചിയിലെത്തും.
മാൾട്ടയിൽ നിന്ന് എയർ മാൾട്ട ജൂൺ ഒമ്പതിനും ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്‌സ് 10 നും കൊച്ചിയിലേക്ക് സർവീസ് നടത്തും. ചൊവ്വാഴ്ച 540 പേർ കൊച്ചിയിലെത്തുന്നുണ്ട്. ദുബായ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് സർവീസ് നടത്തുന്നത്. ബുധനാഴ്ച ബഹ്‌റൈൻ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിൽ നിന്ന് പ്രവാസികളെത്തും. ബുധനാഴ്ച 26 ആഭ്യന്തര സർവീസുകളുണ്ട്.
വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യയിലേയ്‌ക്കെത്തിക്കുന്ന പദ്ധതിയിൽ ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികളാണ്. പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷന് മെയ് ഏഴിനാണ് തുടക്കമായത്. ഈ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്. മെയ് 31 വരെ ഗൾഫ്, യുണൈറ്റഡ് സ്റ്റേസ്, യൂറോപ്പ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്ന് 8554 പ്രവാസികളെത്തി. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ മാത്രം 48 സർവീസുകൾ നടത്തി.