കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെക്കുറിച്ച് ഭര്‍ത്താവ് സംശയിക്കുന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് 20 വയസുകാരിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗിനന്‍സി ആക്ടിന്റെ സെക്ഷന്‍ 5 അനുസരിച്ച്, അമ്മയുടെ മാനസികാരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കാമെന്നാണ് പരാതിക്കാരിയുടെ അഭിഭാഷകന്റെ വാദം. ഒരു തെറ്റും ചെയ്യാതെ സ്ത്രീ കടുത്ത മാനസിക ക്രൂരതയ്ക്ക് വിധേയരാകുന്നു. പരിഹാസത്തിനും ക്രൂരതയ്ക്കും വിധേയയാകുകയാകുന്നു എന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. പെണ്‍കുട്ടി ഒരു കുട്ടിയെ പ്രസവിക്കണ്ടിവരുന്നു, ആത്യന്തികമായി പിതൃത്വം ഇല്ലാത്ത സാഹചര്യത്തിലാണിപ്പോഴുള്ളതെന്നും
അഭിഭാഷകന് അറിയിച്ചു.
അതെസമയം നിലവില്‍ നാല് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പരാതി ഹര്‍ജിയായി ഫയലില്‍ സ്വീകരിക്കാന്‍ വിസ്സമ്മതിച്ച കോടതി ഭര്‍ത്താവിനോട് ഇ-മെയിലിലൂടെയും വാട്സ്ആപ്പിലൂടെയും നോട്ടീസ് അയച്ച് മറുപടി തേടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അനു ശിവരാമന് ആണ് പെണ്‍കുട്ടിയുടെ പരാതി പരിഗണിച്ചത്.
ഭര്‍ത്താവ് സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് നിലവില്‍, മാതാപിതാക്കളോടൊപ്പമാണ് പരാതിക്കാരി ജീവിക്കുന്നത്. കൗണ്‍സിലിംഗിലൂടെ ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇത് തന്റെ കുട്ടിയല്ലെന്ന നിലപാടില്‍ ഉറച്ച നിലപാടിലാണ് ഭര്‍ത്താവുള്ളത്. കുഞ്ഞിനെ പ്രസവിക്കണോ വേണ്ടയോ എന്നതും സ്ത്രീയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.
Discussion about this post