കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബംബര്‍ ലോട്ടറിയുടെ നാലു കോടി രൂപ സമ്മാനം തേടിയെത്തിയത് തമിഴ്നാട്ടുകാരനെ. തിരുനല്‍വേലി സ്വദേശിയായ ഷണ്മുഖന് മാരിയപ്പനെയാണ് ഇത്തവണ ഭാഗ്യദേവത തുണച്ചത്. കോട്ടയം നഗരത്തിലെ പ്രമുഖ തുണിക്കടയില്‍ മെന്‍സ് വെയര്‍ വിഭാഗത്തിലെ സൂപ്പര്‍വൈസറാണ് ഷണ്മുഖന്.
കഴിഞ്ഞയാഴ്ച ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അമ്പലത്തിന് മുന്നില്‍ നിന്ന ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. VA 489017 എന്ന നമ്പറിനാണ് ഷണ്മുഖന് സമ്മാനം ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വൈകുന്നേരം തന്നെ താനാണ് കോടിപതിയെന്ന് ഷണ്മുഖന് അറിയുകയും ചെയ്തു. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു.
ഏറെ പ്രാരാബ്ദങ്ങളുള്ള 51 വയസുകാരനായ ഷണ്മുഖന് അവിവാഹിതനാണ്. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഷണ്മുഖന്റെ കുടുംബം തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ വാടകവീട്ടിലാണ് കഴിയുന്നത്. ഒരു വീട് വയ്ക്കണം, അല്പം സ്ഥലം വാങ്ങണം അത്രയേയുള്ളു ഷണ്മുഖന്റെ ആഗ്രഹം. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഈ ഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിക്കാനാണ് ഷണ്മുഖന് ഇഷ്ടം.
Discussion about this post