കൊല്ലം: സൂരജിന്റെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നും കണ്ടെത്തിയ സ്വർണ്ണം ഉത്രയുടേത് തന്നെയാണോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ഇതിനായി ഉത്രയുടേയും സൂരജിന്റെയും കല്യാണ ആൽബവുമായി ഉത്രയുടെ അമ്മയും സഹോദരനും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ സൂരജിനെയും പിതാവ് സുരേന്ദ്രനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുകയാണ്. ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചോദ്യംചെയ്യൽ.
ഇതിനിടെ, ഉത്രയുടെ കൂടുതൽ സ്വർണ്ണം കണ്ടെത്താനുണ്ടെന്ന് അറിയിച്ച് പിതാവ് വിജയസേനൻ. സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലെന്നും സ്വർണ്ണം കുഴിച്ചിട്ടതിൽ ഉൾപ്പടെ സൂരജിന്റെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്റെ അച്ഛന്റെ ശ്രമം. അന്വേഷണത്തിൽ പൂർണ്ണതൃപ്തിയെന്നും വിജയസേനൻ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്രയുടെ 38 പവൻ സ്വർണ്ണാഭരണങ്ങൾ സൂരജിന്റെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നും പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആഭരണങ്ങൾ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ തന്നെയാണ് സ്വർണ്ണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുത്തത്.
Discussion about this post