കൊച്ചി: വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ പോലീസ് കേസ് എടുത്തു. തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസാണ് കേസ് എടുത്തത്. കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്നാണ് പരാതി.
അശ്ലീല ട്രോളുകളുടെ രൂപത്തിലടക്കം അധ്യാപകരെ അപമാനിച്ചാല്‍ കേസെടുക്കാനാണ് തീരുമാനം. ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ സൈബര്‍വിങ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക നിരീക്ഷണം നടത്തും. അപമാനിക്കുന്ന തരത്തില്‍ കമന്റുകളിട്ടാലും നിയമനടപടി നേരിടേണ്ടി വരും.
അതേ സമയം, അധ്യാപകരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്. അധ്യാപികമാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയോടും യുവജന കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ടായി ലഭ്യമാക്കണമെന്നും യുവജന കമ്മീഷന് ആവശ്യപ്പെട്ടു.
Discussion about this post