തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രവാസികൾ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വിശദീകരിച്ചു. സംസ്ഥാന സർക്കാർ സജ്ജമാണെന്ന് വ്യക്തമാക്കിയാൽ കൂടുതൽ സർവ്വീസുകൾ പ്രത്യേകിച്ച് ഗൾഫിൽ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തുമെന്നും മുരളീധരൻ അറിയിച്ചു.
കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതിൽ നിന്ന് വലിയ തോതിലേക്ക് വർധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാർട്ടേർഡ് വിമാനങ്ങൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം, ഗൾഫിൽ ഇതിനകം തന്നെ 160ൽ അധികം മലയാളികൾ മരിച്ചുവെന്നും അതിനാൽ തന്നെ കൂടുതൽ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാന സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. ധാരാളം ആളുകൾ തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്. അവരെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമെ അനുവദിക്കുവെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ കഴിവിനനുസരിച്ചേ വിമാനം ഏർപ്പെടുത്താനാകൂവെന്നും കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കാൻ കേന്ദ്രം തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനോട് സംസ്ഥാനം അനുകൂലമായി പ്രതികരിച്ചാൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നും മുരളീധരൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
വന്ദേ ഭാരത് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിൽ ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അയയ്ക്കുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post