തൃശ്ശൂർ: അമേരിക്കൻ-ആഫ്രിക്കൻ വംശജനായ ജോർജ് ഫ്‌ളോയ്ഡിന്റെ വംശീയ കൊലപാതകത്തിന് പിന്നാലെ യുഎസിൽ ഉയർന്ന പ്രക്ഷോഭത്തോട് പ്രതികരിച്ച് സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. ജോർജ് ഫ്‌ളോയിഡിനെ ഞെരിച്ചു കൊന്ന വെള്ള അധികാര ഭീകരതക്കെതിരെ അമേരിക്കയിൽ ശക്തമായ പ്രക്ഷോഭം നടക്കുകയാണെന്നും നിറഭേദമില്ലാതെ മനുഷ്യർ ആ പ്രക്ഷോഭങ്ങളിൽ പങ്കുചേരുന്നു എന്നത് ആവേശവും അഭിമാനവുമുണ്ടാക്കുന്നെന്നും അശോകൻ ചരുവിൽ പറഞ്ഞു.
മതം അടിസ്ഥാനമാക്കിയുള്ള പൗരത്വനിയമത്തിനെതിരെ ഇന്ത്യയിൽ ഉയർന്നു വന്ന പ്രതിഷേധങ്ങളെയാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്നും അമേരിക്കൻ മോഡിക്കെതിരായ പ്രതിഷേധം ഇന്ത്യൻ ട്രംപിനുള്ള താക്കീതാവണമെന്നും അശോകൻ ചരുവിൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ജോർജ് ഫ്‌ലോയിഡ്: അമേരിക്കൻ മോദിക്കെതിരായ പ്രതിഷേധം ഇന്ത്യൻ ട്രംപിനുള്ള താക്കിതാവണം.
കറുത്ത വംശജനായ ജോർജ് ഫ്‌ലോയിസിനെ ഞെരിച്ചു കൊന്ന വെള്ള അധികാര ഭീകരതക്കെതിരെ അമേരിക്കയിൽ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. നിറഭേദമില്ലാതെ മനുഷ്യർ പ്രക്ഷോഭങ്ങളിൽ പങ്കുചേരുന്നു എന്നത് ആവേശവും അഭിമാനവുമുണ്ടാക്കുന്നു. മതം അടിസ്ഥാനമാക്കിയുള്ള പൗരത്വനിയമത്തിനെതിരെ ഇന്ത്യയിൽ ഉയർന്നു വന്ന പ്രതിഷേധങ്ങളെ ഇത് ഓർമ്മിപ്പിക്കുന്നു.
‘കറുപ്പന്മാർ’ എന്ന പേരിൽ അവഗണിക്കപ്പെട്ടും ആക്രമിക്കപ്പെട്ടും കഴിഞ്ഞു കൂടിയ അധസ്ഥിത ജനതക്ക് തെല്ല് പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് ഒബാമ അമേരിക്കൻ പ്രസിഡണ്ടാവുന്നത്. കോർപ്പറേറ്റ് മേധാവിത്തത്തിനു പരിക്കേൽപ്പിക്കാതെ ഒബാമ ചെയ്ത ശ്രമങ്ങൾ അവരെ എത്രമാത്രം രക്ഷിച്ചു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. പക്ഷേ അക്കാലത്ത് കറുത്തവർ വലിയമട്ടിൽ പ്രതീക്ഷയും ആത്മവിശ്വാസവും പുലർത്തിയിരുന്നു. ആ ആത്മപ്രകാശനം അടിമച്ചന്തകളെ ഗൃഹാതുര സ്വപ്നമായി കാണുന്ന വെള്ളയഥാസ്ഥിതികതയെ പുനരുജ്ജീവിപ്പിക്കാൻ കാരണമായിട്ടുണ്ടാവാം. ആ പുനരുജ്ജീവനവും ഏകോപനവുമാണ് ട്രംപ് എന്ന അവതാരത്തിന്റെ പ്രതിഷ്ടയിലൂടെ നടന്നത്. പുതിയ അവതാരത്തിന്റെ കീഴിൽ വംശവെറി എത്രമാത്രം വ്യവസ്ഥപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ജോർജ് ഫ്‌ലോയിഡ് എന്ന നിർദ്ധന തൊഴിൽരഹിത യുവാവിന്റെ നിഷ്ടൂരമായ കൊലയിലൂടെ വ്യക്തമായിരിക്കുന്നത്.
ഇതിന് തികച്ചും സമാനമാണ് ഇന്ത്യയിലെ സ്ഥിതി. ട്രംപിന്റെ അധികാരാവരോഹണത്തിൽ വർണ്ണവെറി എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടോ അതിനേക്കാളേറെ വർണ്ണവ്യവസ്ഥാ ദാഹം മോദിയുടെ അധികാരലബ്ദിക്കു പിന്നിലും ഉണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ഒരു സവിശേഷഘട്ടത്തിൽ ഇന്ത്യയിലെ ദേശീയപ്രസ്ഥാനവും നേതാക്കളും തൊട്ടുകൂടായ്മക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. വർണ്ണവ്യവസ്ഥയുടെ ആരാധകർക്ക് അന്നു തുടങ്ങിയ പക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വികാസ പരിണാമങ്ങളിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അമേരിക്കയിൽ എബ്രഹാം ലിങ്കൻ കൊല്ലപ്പെട്ടതിനു സമാനമായി ഇന്ത്യയിൽ നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവനും നഷ്ടമായി. സാമൂഹ്യനീതിയിലും മതേതരത്വത്തിലും അധിഷ്ടിതമായ ഇന്ത്യൻ ഭരണഘടണ മനുവാദികളെ വിറളി പിടിപ്പിച്ചു കൊണ്ടിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ക്ഷേത്രപ്രവേശന സത്യഗ്രഹങ്ങൾ മുതൽ പിന്നാക്കജാതിക്കാർക്ക് സർക്കാർ ജോലിക്കു സംവരണം നൽകുന്ന മണ്ഡൽ കമ്മീഷൻ വരെയുള്ള സംഗതികൾ ജാതി മേധാവിത്തത്തിന്റെ പകയെ നിരന്തരം വളർത്തി. ആ പകയുടെ വളർച്ചയും വികാസവുമാണ് ആർ.എസ്.എസിനേയും മോദിയെയും അധികാരത്തിലെത്തിച്ചിരിക്കുന്നത്. ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ടിതമായ ഇന്ത്യൻ ഭരണഘടനയെ മാറ്റി മനുസ്മൃതിയെ വ്യവസ്ഥയായി സ്ഥാപിക്കുക എന്നതാണ് ഇന്ത്യൻ വർണ്ണവെറിയുടെ ലക്ഷ്യം. അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ അധസ്ഥിതജനത ഭൂരിപക്ഷമാകയാൽ മതവികാരത്തിന്റെ മറപിടിച്ചാണ് ഇന്ത്യൻ ജാതിമേധാവിത്തം നീക്കങ്ങൾ നടത്തുന്നത്.
മുസ്ലീമുകളയും ഇതര മതസ്ഥരയും ചണ്ഡാലരായാണ് ഇന്ത്യൻ വർണ്ണവെറിക്കാർ കാണുന്നത്. മോദി അധികാരത്തിലെത്തിയതു മുതൽ അരങ്ങേറിയ ദളിത് പിന്നാക്ക ന്യൂനപക്ഷവേട്ട അമേരിക്കയിലെ കറുത്ത വംശജരും ജോർജ് പ്ലോയിഡും അനുഭവിച്ചതിനേക്കാൾ പതിന്മടങ്ങാണ്. ഭരണം ലഭിച്ചതിന്റെ കരുത്തിൽ ഇന്ത്യൻ വർണ്ണവെറി അധസ്ഥിത ജനതയുടെ ഭക്ഷണത്തിലും സംസ്‌കാരത്തിലും കൈവെച്ചു. നിരവധിപേർ ക്രൂരമർദ്ദനത്തിനിരയായി. ഏറെ പേർ കൊല്ലപ്പെട്ടു. കൊറഗാവും ഉനയും മുഹമ്മദ് അഖ്‌ലാക്കും ഉണ്ടാക്കിയ നീറ്റൽ ഇന്ത്യൻ മനസ്സാക്ഷിയിൽ ഒരിക്കലും കെട്ടുപോകുന്നതല്ല.
ഒന്നോർത്താൽ അമേരിക്കയിലെ വർണ്ണവിവേചനത്തേക്കാൾ എത്രയോ ഭീകരമാണ് ഇന്ത്യയിൽ ആർ.എസ്.എസ്. പുനസ്ഥാപിക്കാൻ ശ്രമിക്കുന്ന സനാതന വർണ്ണവ്യവസ്ഥ എന്നു മനസ്സിലാവും. അമേരിക്കയിലെ അടിമക്ക് തൊട്ടുകൂടായ്മ എന്ന എന്ന ഭികരാവസ്ഥയെ നേരിടേണ്ടതുണ്ടായിരുന്നില്ല. അവന് പള്ളിയിൽ പോയി പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും യജമാനന്റെ അടുക്കളയിലും കിടപ്പുമുറിയിലും പ്രവേശിക്കാനും അനുവാദമുണ്ടായിരുന്നു. ഇന്ത്യയിൽ തൊട്ടുകൂടായ്മ മാത്രമല്ല, കണ്ടുകൂടായ്മയും ഉണ്ടായിരുന്നു. ഇന്ത്യൻ അടിമക്ക് പകൽ വെളിച്ചത്തിൽ പ്രത്യക്ഷപ്പെടാൻ അനുവാദം ഉണ്ടായിരുന്നില്ല. അക്ഷരം പഠിച്ചാൽ നാവു പറിച്ചെടുക്കലും വേദംകേട്ടാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കലുമൊന്നും അമേരിക്കയിൽ ഉണ്ടായിരുന്നില്ല.
സ്വാതന്ത്ര്യം കിട്ടി ഭരണഘടന നടപ്പിലായി പതിറ്റാണ്ടുകൾ കഴിഞ്ഞ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിൽ ജാതിയുണ്ടോ മേധാവിത്തമുണ്ടോ എന്നെല്ലാം ഒന്നുമറിയാതെ അന്തം വിടുന്നവർക്ക് ഇന്നത്തെ അമേരിക്ക ഒരു പാഠമാണ്. അമേരിക്കയിൽ അടിമത്വം അവസാനിപ്പിച്ച പ്രസിഡണ്ട് എബ്രഹാം ലിങ്കൻ1865 ൽ മരിച്ചു പോയി എന്ന സംഗതി അവർ ഓർമ്മിക്കണം. പിന്നീട് അവിടെ ‘ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ ജനാധിപത്യ’മാണ് നടപ്പിലുണ്ടായിരുന്നത്. ജോർജ് ഫ്‌ലോയിഡ് എന്ന ‘കറുത്ത കീടം’ ചതച്ചരക്കപ്പെടുന്നത് 2020 മേയ് മാസത്തിലാണ്.
വർണ്ണവെറിക്കെതിരെ അമേരിക്കയിലെ ജനത നടത്തുന്ന പ്രക്ഷോഭം ഏറ്റവും ആവേശം നൽകുന്നത് ഇന്നത്തെ ഇന്ത്യക്കാണ്. ഈ പ്രക്ഷോഭം ഇന്ത്യൻ ജനത ഏറ്റുവാങ്ങണം. ഇവിടത്തെ മതവർഗ്ഗീയരാഷ്ട്രീയത്തെ നിർണ്ണയിച്ചു കൊണ്ടിരിക്കുന്ന ജാതിമേധാവിത്ത ഏകോപനങ്ങളേയും വർണ്ണവെറിയേയും തിരിച്ചറിയണം.
Discussion about this post