അച്ഛന് കൂലിപ്പണി, പണമില്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാനും കഴിഞ്ഞില്ല സ്മാര്‍ട്ട്‌ഫോണുമില്ല, ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്.

ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയായ മകള്‍ അറിയിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഈ കാരണം കൊണ്ടാണ് മകള്‍ ആത്മഹത്യചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. പണം ഇല്ലാത്തതിനാല്‍ കേടായ ടി വി നന്നാക്കാന്‍ കഴിയാഞ്ഞതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

കൂലിപ്പണിക്കാരനായ അച്ഛന്‍ രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വീടിന് സമീപത്താണ് ദേവികയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു ദേവിക ആത്മഹത്യ ചെയ്തത്.

Exit mobile version