കാസര്‍കോട്: കോവിഡ് സാമൂഹികവ്യാപനസാധ്യതാ പരിശോധനയ്ക്കു പോയ ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടുകാരുടെ ഭീഷണിയെതുടര്‍ന്ന് ജോലി പൂര്‍ത്തിയാക്കാതെ മടങ്ങി. കുമ്പള പെര്‍വാഡ് കടപ്പുറത്ത് സ്രവ പരിശോധനയ്ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് പരിസരവാസികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി തിരികെ അയച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നാലു ഡോക്ടര്‍മാരടങ്ങുന്ന എട്ടംഗസംഘം 16 പേരുടെ സ്രവം പരിശോധനയ്ക്കെടുക്കാന്‍ പോയതായിരുന്നു. കടപ്പുറത്ത് സാമൂഹിക ഉപകേന്ദ്രത്തിലായിരുന്നു സ്രവമെടുപ്പ്. 12 പേരുടെ എടുത്തപ്പോഴേക്കും ഒരുകൂട്ടം ആളുകള്‍ ചീത്തവിളിയും ഭീഷണിയുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ഇത്തരം പരിപാടികള്‍ നടത്തിയാല്‍ ഇവിടെയും രോഗവ്യാപനമുണ്ടാകുമെന്നും അതിനാല്‍ പെട്ടെന്നുതന്നെ പരിശോധനയെല്ലാം നിര്‍ത്തി മടങ്ങുന്നതാവും നല്ലതെന്നും ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. വാഹനം തകര്‍ക്കാനും ശ്രമമുണ്ടായി.
ഒടുവില്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തിരികെ പോകുകയാണെന്ന് അറിയിച്ചു. ഒരുവയസ്സുള്ള കുഞ്ഞിന്റെയടക്കം നാലുപേരുടെകൂടി സ്രവമായിരുന്നു എടുക്കേണ്ടിയിരുന്നത്. എന്നാല്‍ പരിസരവാസികളുടെ ഭീഷണി ഭയന്ന ഇവര്‍ പരിശോധന പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങി.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര റായിയുടെ പരാതിയില്‍ 20 ആളുടെ പേരില്‍ കേസെടുത്തതായി കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ് അറിയിച്ചു. ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്, ഡോ. ഷാഹിന്‍ ഹ്സദ, ഡോ. ദിവ്യ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Discussion about this post